ബിഷപ്പിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം: വി. മുരളീധരന്
Sunday, September 19, 2021 12:25 AM IST
കൊച്ചി: പാലാ ബിഷപ്പിന്റെ പ്രസ്താവന മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. തീവ്രവാദ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയിലുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയാല്‍ എന്‍ഐഎ അന്വേഷണം നടത്തുമെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.
മാര്‍ കല്ലറങ്ങാട്ടിന്റെ പരാമര്‍ശങ്ങള്‍ ഏതെങ്കിലും സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതു രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ്. ക്രൈസ്തവര്‍ക്ക് എതിരായും ജിഹാദികള്‍ക്ക് അനുകൂലമായുമുള്ള സമീപനം മുഖ്യമന്ത്രിയെടുത്തെന്നാണ് താന്‍ മനസിലാക്കുന്നത്.
സല്യൂട്ടിലൊന്നും വലിയ കാര്യമില്ല. ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ രാവിലെ പോലീസുകാര്‍ പരേഡ് നടത്താറുണ്ട്. എന്നാല്‍ തനിക്ക് അതില്‍ താത്പര്യമില്ലെന്നറിയിച്ചു നിര്‍ത്തലാക്കിയെന്നും മുരളീധരന് പറഞ്ഞു.