വകുപ്പ് ഓണ്‍ലൈനിൽ, സ്ഥലംമാറ്റങ്ങൾ പഴയപടി: റവന്യൂ വകുപ്പിൽ ഗുരുതര പ്രതിസന്ധി
Monday, September 20, 2021 12:05 AM IST
കോട്ടയം: ഓണ്‍ലൈൻ സ്ഥലം മാറ്റനടപടികൾ ആരംഭിച്ച റവന്യു വകുപ്പിൽ നടപടികൾ അട്ടിമറിക്കപ്പെടുന്നത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു.പൊതുഭരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി പരിഗണിച്ച് പരമാവധി സുതാര്യമായാണു ജില്ലാന്തര സ്ഥലംമാറ്റങ്ങൾ വിവിധ വകുപ്പുകളിൽ നടപ്പിലാക്കുന്നത്.
എന്നാൽ റവന്യൂ വകുപ്പിൽ മാത്രം നിയതമായ മാനദണ്ഡങ്ങളോ ചട്ടങ്ങളോ കൃത്യമായി പാലിക്കാതെയാണു സ്ഥലം മാറ്റ നടപടികൾ പതിറ്റാണ്ടുകളായി നടന്നുവന്നിരുന്നത്.
ഇത്തരം തെറ്റായ കീഴ്വഴക്കങ്ങൾക്കെതിരേ ഉദ്യോഗസ്ഥർ നൽകിയ നൽകിയ ഹർജി പരിഗണിച്ച് സ്ഥലം മാറ്റ നടപടികൾ പൂർണമായും ഓണ്ലൈനിലാക്കുവാനും ഇതര വകുപ്പുകളിലേതു പോലെ സുതാര്യമാക്കുവാനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് എച്ച്ആർഎംഎസ് മൊഡ്യൂൾ മുഖേന ഓണ്‍ലൈനിൽ അപേക്ഷ ക്ഷണിക്കുകയും കരട് സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
സീനിയർ ക്ലാർക്ക്, വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ തുടങ്ങിയ സംസ്ഥാന തല സീനിയോറിട്ടി ബാധകമാക്കിയ തസ്തികളിലെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പ്രതിപാദിക്കുന്ന ഉത്തരവിനെതിരെ ആക്ഷേപങ്ങളൊന്നും ലഭിക്കാതിരുന്നിട്ടു കൂടി കാലങ്ങളായി ഇത്തരം തെറ്റായ വ്യവസ്ഥകളുടെ ഗുണഭോക്താക്കളായി മാറിയിരുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരുടേയും വകുപ്പിലെ പ്രമുഖ സർവീസ് സംഘടനയുടേയും ഇടപെടലിനെത്തുടർന്ന് ഉത്തരവിൽ ഭേദഗതി ഉത്തരവിറക്കി.
ഈ ഉത്തരവിനെതിരേ ഇതര ജില്ലകളിൽ പരീക്ഷയെഴുതിയതും അഞ്ചു വർഷത്തിലധികം കേഡർ സീനിയോറിട്ടിയുള്ളതുമായ ഒരു കൂട്ടം സീനിയർ ക്ലാർക്കുമാർ റവന്യു കോളീസ് ഫോർ ജനറൽ ട്രാൻസ്ഫർ എന്ന കൂട്ടായ്മ രൂപീകരിച്ചു രൂപീകരിച്ചു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെത്തുടർന്ന് ഭേദഗതി ഉത്തരവ് ആദ്യം ഒരു മാസത്തേക്കും തുടർന്ന് മൂന്നു ആഴ്ചത്തേക്കും സ്റ്റേ ചെയ്തിരിക്കുകയാണ്.
സീനിയർ ക്ലാർക്ക് മുതലുള്ള സ്റ്റേറ്റ് സീനിയോറിട്ടി തസ്തികകളുടെ സ്ഥലംമാറ്റത്തിന് കേഡർ സീനിയോറിട്ടി പാലിക്കണമെന്നതാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യം. റീ അലോട്ട്മെന്റ് എന്ന പേരിൽ ജൂനിയർ മാർക്ക് ജില്ലാന്തരമാറ്റം നൽകുന്നത് അശാസ്ത്രീയമെന്നും ഇവർ വാദിക്കുന്നു.
ഭേദഗതി ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പ്രൊമോഷൻ നടപടികൾക്ക് സ്റ്റേ ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്പെഷൽ വില്ലേജ് ഓഫീസർ മുതൽ തഹസിൽദാർ വരെയുള്ള പ്രൊമോഷൻ നടപടികൾ മാസങ്ങളായി തടസപ്പെട്ടിരിക്കുകയാണ്.
12 തഹസിൽദാർ, 210 ഡെപ്യൂട്ടി തഹസിൽദാർ, 230 വില്ലേജ് ഓഫീസർ, 350 സ്പെഷൽ വില്ലേജ് ഓഫീസർ ഉൾപ്പടെ 1000 ലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. 350 പേരെ സീനിയർ ക്ലാർക്ക് ആക്കുന്പോൾ ഉണ്ടാകുന്ന ഒഴിവിൽ മാത്രമെ പിഎസ്സി മുഖേന അഡ്വൈസ് മെമ്മോ ലഭിച്ച 350 പേർക്ക് എൽഡിക്ലാർക്ക് തസ്തികയിൽ നിയമന ഉത്തരവ് അയക്കാനും കഴിയുകയുള്ളൂ.
നടപടികൾ അനന്തമായി വൈകിപ്പിച്ച് ഇതിലും ഭേദം മാന്വൽ സ്ഥലം മാറ്റമാണെന്നു വരുത്തി അഴിമതിക്ക് കളമൊരുക്കുകയെന്നതാണ് സ്ഥലം മാറ്റലോബിയുടെ തന്ത്രമെന്നും ജീവനക്കാർ ആരോപിക്കുന്നു.
-ജിബിൻ കുര്യൻ