സിപിഎം ബ്രാഞ്ച് നേതൃത്വങ്ങളില്‍ തലമുറമാറ്റം
Wednesday, September 22, 2021 12:38 AM IST
കൊച്ചി: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കുമ്പോള്‍ നേതൃസ്ഥാനങ്ങളില്‍ യുവനിരയ്ക്കു മുന്‍തൂക്കം. ഓരോ ലോക്കല്‍ കമ്മിറ്റികളിലും പകുതിയിലധികം ബ്രാഞ്ചുകളിലെങ്കിലും ചെറുപ്പക്കാര്‍ സെക്രട്ടറിമാരാകണമെന്ന അനൗദ്യോഗിക നിര്‍ദേശമാണു നടപ്പാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ചു വിജയിച്ച തലമുറമാറ്റം പാര്‍ട്ടി ഘടകങ്ങളിലും നടപ്പിലാക്കാൻ സിപിഎം സംസ്ഥാന, ദേശീയ നേതൃയോഗങ്ങളില്‍ ധാരണയായിരുന്നു. പുതിയ തലമുറയെ പാര്‍ട്ടിയിലേക്കു കൂടുതലായി അടുപ്പിക്കാനുള്ള കര്‍മപദ്ധതികളുടെ ഭാഗമാണ് സിപിഎം ഘടകങ്ങളില്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. യുവാക്കളെ എന്നപോലെ യുവതികള്‍ക്കും താഴേത്തട്ടു മുതല്‍ പാര്‍ട്ടി പദവികള്‍ ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്.
23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ 10ന് ആരംഭിച്ചു. പകുതിയിലധികം ബ്രാഞ്ചുകളില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ യുവാക്കള്‍ സെക്രട്ടറിമാരായിരുന്ന ബ്രാഞ്ചുകളില്‍ അവര്‍തന്നെ തുടരും. യുവാക്കള്‍ക്കു പാര്‍ട്ടി പദവികളില്‍ പങ്കാളിത്തം ഉറപ്പിക്കുന്നതു ഡിവൈഎഫ്ഐയിലേക്കു പുതിയ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.
ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ യുവാക്കളും യുവതികളും എത്തുന്നതു സിപിഎം, ഡിവൈഎഫ്ഐ അനുകൂല സോഷ്യല്‍ മീഡിയ പേജുകളിലും ആഘോഷമാണ്. ബ്രാഞ്ച് സെക്രട്ടറിമാരായ യുവതികള്‍ക്ക് പിന്തുണയും ആശംസകളും അറിയിച്ചുള്ള പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിലും നേതൃപദവികളില്‍ യുവപ്രാതിനിധ്യം ഉറപ്പാക്കാന്‍ നേരത്തേ സിപിഎം നിര്‍ദേശമുണ്ട്.
ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാകും. ഡിസംബര്‍, ജനുവരി മാസങ്ങളിലാണു ജില്ലാ സമ്മേളനങ്ങള്‍. ബ്രാഞ്ച് കമ്മിറ്റികളിലെ തലമുറമാറ്റത്തിന്റെ പ്രവണത മേല്‍ഘടകങ്ങളില്‍ എത്രമാത്രമുണ്ടാകുമെന്നതും ആകാംക്ഷ ഉണര്‍ത്തുന്നതാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു.
സിജോ പൈനാടത്ത്