മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കൂടുതൽ വാഹനങ്ങൾ വാങ്ങുന്നു
Saturday, September 25, 2021 1:09 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകന്പടി സുരക്ഷയ്ക്കായി നാല് പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്കോർട്ടിനായി മൂന്ന് ഇന്നവോ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറുമാണ് വാങ്ങുന്നത്.
ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. നിലവിൽ ഉപയോഗിക്കുന്ന രണ്ടു കാറുകൾ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് തീരുമാനം.
ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ, മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ മാറ്റി പുതിയവ വാങ്ങണമെന്ന് ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു.
ഒന്നര ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വാഹനങ്ങൾ പ്രധാന വ്യക്തികളുടെ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി ഉപയോഗിക്കാനാകില്ല.