തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.
ഇന്നലെ അര്‍ധരാത്രി വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രതിനിധികള്‍ക്ക് ഇതു സംബന്ധിച്ച രേഖകള്‍ കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കി. എയര്‍പോര്‍ട്ട് അഥോറിറ്റിയും അദാനി ഗ്രൂപ്പും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.
ആറു മാസത്തികം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് വ്യോമയാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സമയം നീട്ടി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു.
കരാര്‍ യാഥാര്‍ഥ്യമായതോടെ അടുത്ത 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനവും അദാനി ഗ്രൂപ്പായിരിക്കും നിര്‍വഹിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കിയത്. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ ഇതിനെതിരായ അപ്പീല്‍ നിലവിലുണ്ട്.
വിമാനത്താവളം സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. കൈമാറ്റ നടപടികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 45 ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ ട്രാഫിക് കണ്ട്രോള്, കസ്റ്റംസ്, എമിഗ്രേഷന്‍, സുരക്ഷ തുടങ്ങിയ കാര്യങ്ങളുടെ പ്രവര്‍ത്തന ചുമതല തുടര്‍ന്നും വ്യോമയാന മന്ത്രാലയത്തിനു തന്നെയായിരിക്കും.