വ്യാജരേഖ ചമച്ച് ബാങ്കില്‍നിന്നു കോടികളുടെ തട്ടിപ്പ്: ഭർത്താവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ
Saturday, October 16, 2021 1:09 AM IST
കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് സ്വകാര്യബാങ്കില്നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒന്നാം പ്രതി അജിത ഉടന്‍ പോലീസ് പിടിയിലാകുമെന്നു സൂചന. ഇവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശിയും ഇവരുടെ ഭര്‍ത്താവുമായ തൃപ്പൂണിത്തുറ മെട്രോബേ അസറ്റ് സിറ്റി ഹോംസ് ഫ്ളാറ്റ് നമ്പര്‍ 10 സിയില്‍ താമസിക്കുന്ന റെജി പൗലോസിനെ എറണാകുളം സൗത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടാം പ്രതിയായ റെജിയെ റിമാന്‍ഡ് ചെയ്തു.
സ്വകാര്യബാങ്കിലെ മറൈന്‍ഡ്രൈവിലെയും പനമ്പിള്ളി നഗറിലെയും ശാഖകളില്‍നിന്നാണ് പണം തട്ടിയത്. ബാങ്ക് ലോണ്‍ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചാണു റെജിയും അജിതയും തട്ടിപ്പ് നടത്തിയിരുന്നത്. ആവശ്യമുള്ള പണം നല്‍കാമെന്ന് ഭൂ ഉമടകള്‍ക്ക് ഉറപ്പുകൊടുത്താണു രേഖകള്‍ സംഘടിപ്പിക്കുക. ഇത് പണയപ്പെടുത്തി ഭീമമായ തുക ബാങ്കുകളില്‍നിന്നു ലോണെടുത്ത് മുങ്ങും.
വ്യാജമായുണ്ടാക്കിയ, റെജിയുടെ പാന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകള്‍ക്കൊപ്പം ഇയാള്‍ ബാങ്കുകള്‍ക്കു നല്‍കിയിരുന്നത്. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമിക്കു ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പ് അറിയുന്നത്. അഞ്ചു ലോണുകളില്‍നിന്നായി 1.83 കോടി രൂപ തട്ടിയതായി പോലീസിന് വിവരം ലഭിച്ചു.
അറസ്റ്റ് ചെയ്ത സമയം ഇയാളുടെ കൈവശം 36 പവന് സ്വര്‍ണവും വ്യാജമായി നിര്‍മിച്ച നിരവധി പാന്‍ കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍, ചെക്കു ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും ഉണ്ടായിരുന്നതായി എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ് ഫൈസല്‍ പറഞ്ഞു.
പ്രതി വിവിധ ജില്ലകളില്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായാണ് പോലീസിനു ലഭിക്കുന്ന വിവരം. ഫോര്‍ച്യുണര്‍, സിഫ്റ്റ് കാറുകള്‍ ഇയാളുടെ ഉടമസ്ഥതയിലുണ്ട്. ബെന്‍സ്, പജേറോ, ഓഡി, ജീപ്പ് കോമ്പസ്, ക്വിഡ് തുടങ്ങിയ വാഹനങ്ങള്‍ ഇയാള്‍ പലര്‍ക്കും വിറ്റതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.
ബാങ്ക് ജീവനക്കാര്‍ ഇയാള്‍ക്കു വഴിവിട്ട് സഹായം നല്‍കിയതായി വിവരം ലഭിച്ചതിനാല്‍ പോലീസ് അത്തരത്തിലുളള അന്വേഷണവും നടത്തുന്നുണ്ട്.