അഭയ കേസ്: ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങള്‍ സിബിഐ കോടതി കാറ്റില്‍ പറത്തി
Friday, June 24, 2022 1:03 AM IST
കൊച്ചി: ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ എല്ലാ തത്വങ്ങളും കാറ്റില്‍പറത്തി, വിദഗ്ധസാക്ഷ്യത്തെയും കോണ്‍വന്റിലെ മറ്റ് അന്തേവാസികളുടെ സാക്ഷ്യത്തെയും തള്ളിക്കളഞ്ഞാണ് വിചാരണ നടത്തിയ സിബിഐ കോടതി അഭയ കേസിൽ തീരുമാനമെടുത്തതെന്ന് ഹൈക്കോടതി. ഭൗതികശാസ്ത്രം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ തന്റെ അല്പജ്ഞാനം ഉപയോഗിച്ചാണ് കേസ് സംബന്ധിച്ച് വിചാരണക്കോടതി ജഡ്ജി വിലയിരുത്തിയിരിക്കുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
പ്രതിഭാഗം ഉന്നയിച്ച വാദങ്ങളില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങളുണ്ട്. പ്രതിഭാഗത്തിന്റെ വാദത്തിനെതിരേ ശക്തമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ല. ഈ ഘട്ടത്തില്‍ തെളിവുകള്‍ മൊത്തത്തില്‍ പരിശോധിക്കുന്നില്ലെന്നും ഹര്‍ജി വിശദമായി പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൈക്കോടാലിപോലുള്ള ആയുധത്തിന്റെ തടികൊണ്ടുള്ള പിടി ഉപയോഗിച്ച് തലയില്‍ മുറിവുണ്ടാക്കിയേക്കാമെന്ന് വിചാരണക്കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കൈക്കോടാലി പോലീസ് പിടിച്ചെടുക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ കഴുത്തില്‍ കണ്ട പാടുകളെപ്പറ്റി പറയുന്നുണ്ട്. വിചാരണക്കോടതി പ്രധാനമായും ആശ്രയിച്ചത് ഈ കണ്ടെത്തലിനെയാണ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം പരാമര്‍ശം ബന്ധപ്പെട്ട ഡോക്ടര്‍ നടത്തിയിട്ടില്ല. ഫോട്ടോഗ്രാഫര്‍ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതിരുന്നിട്ടും അതു സ്വീകരിച്ച് ഡോക്ടറുടെ മൊഴി തള്ളിക്കളയുകയാണു ചെയ്തത്. ഇക്കാര്യത്തിൽ ഒരു ഡോക്ടറുടേതിനേക്കാള് കൃത്യത ഫോട്ടോഗ്രാഫർക്കുണ്ടെന്ന് വിചാരണക്കോടതി ജഡ്ജി വിലയിരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരോപണം കഴമ്പില്ലാത്തത്: അസി. സോളിസിറ്റര്‍ ജനറല്‍
കൊച്ചി: അഭയാ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജികളില്‍ സിബിഐയുടെ ഭാഗത്തു വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്ന ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ആരോപണം കഴമ്പില്ലാത്തതാണെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു വ്യക്തമാക്കി. കേരള ഹൈക്കോടതിയിലെ സിബിഐ കേസുകളില്‍ അസി. സോളിസിറ്റര്‍ ജനറലാണ് സാധാരണ ഹാജരാകുന്നത്.
എന്നാല്‍ അഭയ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു അഡീ. സോളിസിറ്റര്‍ ജനറലിനെ ഹാജരാക്കണമെന്ന് സിബിഐ സ്പെഷല്‍ ക്രൈം ബ്യൂറോ തലവനു കഴിഞ്ഞ മാര്‍ച്ച് 16നു കത്തു നല്കി. തുടര്‍ന്ന് സിബിഐയുടെ സൗത്ത് സോണിന്റെ കേസുകള്‍ക്കു നിയോഗിച്ചിട്ടുള്ള അഡീ. സോളിസിറ്റര്‍ ജനറല്‍ സൂര്യകിരണ്‍ റെഡ്ഢിയെ കേസില്‍ ഹാജരാകാന്‍ ചുമതലപ്പെടുത്തി. കേസിന്റെ മലയാളത്തിലുള്ള രേഖകളെല്ലാം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി അദ്ദേഹത്തിനു നല്‍കിയിരുന്നു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹവുമായി ചര്‍ച്ചകളും നടത്തി. തുടര്‍ന്ന് സിബിഐയുടെ നിലപാട് അദ്ദേഹം ഫലപ്രദമായി കോടതിയെ ധരിപ്പിച്ചെന്നും എസ്. മനു വിശദീകരിച്ചു.