ആക്രമണത്തിന്റെ തിരക്കഥ ഇ.പി. ജയരാജന്റേത്: കെ. സുധാകരന്
Saturday, July 2, 2022 12:56 AM IST
മട്ടന്നൂർ: എകെജി സെന്ററിനെതിരായ ആക്രമണത്തിനു പിന്നിലെ തിരക്കഥ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റേതാണെന്നും കോണ്‍ഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ആക്രമണത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. അക്രമങ്ങളുടെ മുന്‍പന്തിയില്‍ എന്നും സിപിഎമ്മാണുള്ളതെന്നും കോണ്‍ഗ്രസല്ലെന്നും സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം.രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്എഫ്ഐക്കാര്‍ തകര്‍ത്തതിനുശേഷം ആദ്യമായി എത്തുമ്പോള്‍ അതിന്റെ പ്രസക്തി തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരാണു മണ്ടന്മാര്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് അക്രമത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതു സംഭവം കണ്ട് ബോധ്യം വന്നതുപോലെയാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ പ്രതികൾ വ്യക്തമല്ല. അപ്പോഴാണു ജയരാജന് അക്രമം നടന്ന് സെക്കൻഡുകള്‍ക്കുള്ളില്‍ അതു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.