പിണറായിയെ ഒഴിഞ്ഞുമാറാൻ വിടില്ല: കെ. സുധാകരൻ
Monday, July 4, 2022 1:06 AM IST
കണ്ണൂർ: പ്രതിപക്ഷ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ പിണറായിയെ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സ്വന്തം കുടുംബത്തിനു നേരെ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിനു കേൾക്കേണ്ടതു മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെപ്പോയി ഒളിച്ചാലും അതു ഞങ്ങൾ പറയിപ്പിക്കുകതന്നെ ചെയ്യും-സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ പൂർണരൂപം: താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണു പിണറായി വിജയൻ. ആ പരിപ്പ് ഇനിയും കേരളത്തിൽ വേവില്ലെന്ന് അദ്ദേഹം മനസിലാക്കുന്നതു നന്നായിരിക്കും. ഞങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുകയാണ്. ഒരൊറ്റ ചോദ്യത്തിനു പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇതു നാടിന്റെ സംശയങ്ങൾ ബലപ്പെടുത്തുകയാണ്.
ജനശ്രദ്ധ തിരിച്ചുവിടാൻ ബുദ്ധിശൂന്യനായ കൺവീനറുടെ കൈയിൽ പടക്കം കൊടുത്തുവിടുമ്പോൾ അതയാളുടെ കൈയിൽ കിടന്നുതന്നെ പൊട്ടുമെന്നു മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങൾക്കും വിടുവായത്തങ്ങൾക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങൾ ജനങ്ങൾക്കു സത്യം ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ ലയിച്ചില്ലാതായതു പോലെ ഓഫീസിനു പടക്കമെറിഞ്ഞയാളും മാഞ്ഞുപോകുന്ന കാഴ്ച കണ്ടു കേരളം ചിരിക്കുകയാണ്.
ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി കൈയിലെ അടുത്ത ആയുധമായ സോളാർ കേസ് വിവാദനായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ ഏതു സഖാവിനെ രക്തസാക്ഷിയാക്കിയാണു താങ്കൾ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാർട്ടി അണികളോടുപോലും ഒരിത്തിരി സ്നേഹമില്ലാത്ത താങ്കൾ സമ്പൂർണ പരാജയമാണു പിണറായി വിജയൻ. ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം....
സ്വന്തം കുടുംബത്തിനു നേരേ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിനു കേൾക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെപ്പോയി ഒളിച്ചാലും, അത് ഞങ്ങൾ പറയിപ്പിക്കുകതന്നെ ചെയ്യും.