റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി
Sunday, March 19, 2023 1:02 AM IST
കൊച്ചി: ഇരട്ട കൊലക്കേസിൽ ഉള്‍പ്പെടെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തിനു പോലീസ് കാവലില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്കി.
ഈ മാസം 22ന് തൃശൂരില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പോലീസ് കാവലില്‍ വിവാഹത്തിനു പോകാന്‍ അനുമതി നല്‍കിയത്.
വിവാഹദിവസവും തലേന്നും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി. വിയ്യൂരിലെ അതീവ സുരക്ഷാ ജയലില്‍ കഴിയുന്ന ജയാനന്ദനെ രണ്ടു ദിവസവും രാവിലെ പോലീസ് കാവലില്‍ കൊണ്ടുപോയി വൈകുന്നേരം ജയിലില്‍ തിരിച്ചെത്തിക്കണം. ഒപ്പം പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലായിരിക്കണമെന്നും ചടങ്ങുകളില്‍ ഇടപെടരുതെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ജയാനന്ദന് ജയിലില്‍ തിരിച്ചെത്തുമെന്ന് ഉറപ്പു നല്കി ഭാര്യയും ഒരു മകളും സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. സുരക്ഷാഭീഷണിയും പ്രതി രക്ഷപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്തു മതിയായ പോലീസ് സംരക്ഷണവും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
ജയാനന്ദന് അനുമതി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും മകളുടെ വിവാഹ ചടങ്ങില്‍ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി അനുമതി നല്‍കിയത്.