അതുല്യപ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി
Tuesday, March 28, 2023 12:46 AM IST
കൊച്ചി: ചിരികളും ചിന്തകളുമായി അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു നടൻ ഇന്നസെന്റെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.
മലയാളികളുടെ മനം കവർന്ന ഹാസ്യ-സ്വഭാവനടന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു. സിനിമാനടൻ എന്നതിലുപരി മുൻ ലോക്സഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനും പൊതുജനസേവകനുമായ ഇന്നസെന്റ് വിടപറയുമ്പോൾ മലയാളികൾക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്നേഹവികാരങ്ങളും മനസിലുണരുന്നുണ്ട്.
കാരുണ്യപ്രവർത്തനങ്ങളിലും വികസനകാര്യങ്ങളിലും ജനക്ഷേമകരമായ സത്കൃത്യങ്ങളിലും ഇന്നസെന്റ് നല്ല മാതൃക കാട്ടിയിട്ടുണ്ട്. സീറോ മലബാർ സഭയുടെ പേരിലും സഹൃദയരുടെ പേരിലും ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബത്തോടും സിനിമാപ്രവർത്തകരോടും മറ്റെല്ലാവരോടും അനുശോചനം രേഖപ്പെടുത്തുന്നതായി കർദിനാൾ അറിയിച്ചു.