സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നല്‍കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Wednesday, May 31, 2023 1:30 AM IST
ചങ്ങനാശേരി: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില മുഴുവനും അടിയന്തരമായി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
വിത്ത് ഇടുന്നത് മുതല്‍ വിളവെടുത്ത് വില്‍പ്പന നടത്തുന്നതുവരെ വിവിധ പ്രശ്നങ്ങളെ നേരിട്ടും ചിലപ്പോള്‍ അവിചാരിതമായ നഷ്ടങ്ങള്‍ സഹിച്ചും പണം കടമെടുത്തുമാണ് നെല്‍കൃഷി നടത്തുന്നത്. നെല്ലു വിറ്റ് കിട്ടുന്ന പണം കൊണ്ടുവേണം കടം വീട്ടാനും മറ്റ് ജീവിതാവശ്യങ്ങള്‍ നിറവേറ്റാനും.
നെല്ല് സംഭരിച്ച് രണ്ടരമാസം കഴിഞ്ഞിട്ടും വില നല്‍കാത്തത് കര്‍ഷകരോടുള്ള കടുത്ത ദ്രോഹമാണ്. നെല്ലിന്റെ വില നല്കാന് ഇനിയും കാലതാമസം നേരിട്ടാല്‍ ശക്തമായ പ്രതിഷേധങ്ങള്ക്കിടയാക്കുമെന്നും മാര്‍ പെരുന്തോട്ടം മുന്നറിയിപ്പു നല്കി.
വിവിധ ബാങ്കുകളിലാണ് കര്‍ഷകരുടെ അക്കൗണ്ടുകള്‍ ഉള്ളത്. ഒരു ബാങ്ക് മാത്രമാണ് നെല്ലിന്റെ വിലകൊടുത്തു തുടങ്ങിയിരിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ തങ്ങളുടെ അധ്വാനഫലം ലഭിക്കുന്നതിന് വേദനയോടെകാത്തിരിക്കുകയാണ് .വിഷയത്തില്‍ മുഖ്യമന്ത്രി സത്വരമായി ഇടപെടണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
തങ്ങള്‍ ഉല്പാദിപ്പിച്ചു വിറ്റ നെല്ലിന്റെ വില ബാങ്കില്‍ നിന്നും ലോണ്‍ എന്ന നിലയില്‍ കൈപ്പറ്റേണ്ടി വരുന്ന അവസ്ഥ വളരെ വിചിത്രമാണെന്നു മാത്രമല്ല മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ വില ലഭിച്ചിട്ടില്ല എന്നത് വലിയ നീതികേടാണ്.
കുട്ടനാട്ടിലെ കര്‍ഷകരുടെ അവസ്ഥ അതീവഗുരുതരമാണ്. പലരും ആത്മഹത്യയുടെ വക്കിലാണ്. കുട്ടനാട് ഉപേക്ഷിക്കുവാന്‍ അനേകര്‍ നിര്‍ബന്ധിതരായിത്തീരുന്നു.
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ പരമ്പരാഗത കൃഷിക്കാര്‍ കുട്ടനാട് ഉപേക്ഷിച്ചു പോകണമെന്നുള്ള എന്തെങ്കിലും നിഗൂഢ അജണ്ടയാണോ കര്‍ഷകരോടുള്ള ഈ അവഗണനയ്ക്കു പിന്നിലെന്ന് സംശയിച്ചുപോകുന്നതായും മാര്‍ പെരുന്തോട്ടം പറഞ്ഞു.