വിദ്യയുടെ പിഎച്ച്ഡി പ്രവേശനം റദ്ദ് ചെയ്യണം: കെഎസ്യു
Friday, June 9, 2023 1:04 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ നിര്‍മിച്ച കേസിലെ പ്രതി കെ.വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ സംവരണം അട്ടിമറിച്ചു നേടിയ പിഎച്ച്ഡി പ്രവേശനം റദ്ദ് ചെയ്യണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഈ ആവശ്യം ഉന്നയിച്ച് സര്‍വകലാശാലയിലേക്ക് കെഎസ്യു മാര്‍ച്ച് നടത്തും.
മന്ത്രി പി.രാജീവ് ഉള്‍പ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണു വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും അലോഷ്യസ് പറഞ്ഞു.
മഹാരാജാസിലെ വൈസ് പ്രിന്‍സിപ്പല്‍ നിയമനം ചട്ടം ലംഘിച്ചാണ് നടക്കുന്നത്. ഏറ്റവും സീനിയറായ അധ്യാപകനെ വൈസ് പ്രിന്‍സിപ്പലായി നിയമിക്കണമെന്നിരിക്കെ സിപിഎം ബന്ധമുള്ള ജൂണിയറായിട്ടുള്ളവരെയാണ് ഇത്തരത്തില്‍ നിയമിക്കുന്നത്.
വ്യാജ രേഖ കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും സമഗ്ര അന്വേഷണം വേണം. ആര്‍ഷോയുടെ റീ അഡ്മിഷന് ഉള്‍പ്പെടെയുള്ളവ പുനഃപരിശോധിക്കണം.
മഹാരാജാസിലെ വിവാദ സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.