അഞ്ച് വർഷം പിടിതരാതെ നിപ: 2018-23 വരെ 20 മരണം
സ്വന്തം ലേഖകന്‍
Wednesday, September 13, 2023 4:16 AM IST
കോഴിക്കോട്: അഞ്ചു വര്‍ഷം മുന്‍പ് ആദ്യമായി സംസ്ഥാനത്തെ വിറപ്പിച്ച് എത്തിയ നിപ വീണ്ടും നാടിനെ ഭീതിയിലാഴ്ത്തുമ്പോള്‍ ജാഗ്രതയ്ക്കൊപ്പം വെല്ലുവിളികളും ഏറെ.
2021 സെപ്റ്റംബര്‍ അഞ്ചിനാണ് അവസാനമായി സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും മരണമുണ്ടാകുകയും ചെയ്തത്. വീണ്ടും ഒരു സെപ്റ്റംബര്‍ മാസത്തില്‍ നിപ തിരികെയെത്തുമ്പോള്‍ പൊലിഞ്ഞത് രണ്ടു ജീവനാണ്.
2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ എത്തുന്ന നിപ വൈറസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരുപിടി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. 2018 മേയ് മാസത്തിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി നിപ കോഴിക്കോട്ട് സ്ഥിരീകരിച്ചത്. മേയ് അഞ്ചിനു മരിച്ച പേരാമ്പ്ര സൂപ്പിക്കടയില്‍ മൂസയുടെ മകന് മുഹമ്മദ് സാബിത്ത് ആണു നിപയുടെആദ്യ ഇര.
17 പേരാണ് കോഴിക്കോടും മലപ്പുറത്തുമായി നിപ വൈറസ് മൂലം ആ വര്‍ഷം മരണത്തിനു കീഴടങ്ങിയത്. രോഗം സ്ഥിരീകരിച്ച 23 പേരില്‍ 17 പേരും മരണത്തിനു കീഴടങ്ങി എന്നതായിരുന്നു എല്ലാവരെയും ഭയചകിതരാക്കിയത്. 2019-ല്‍ വീണ്ടും പേടിപ്പെടുത്തി നിപ വന്നു. എറണാകുളത്തായിരുന്നു ഇത്.പക്ഷേ മരണമുണ്ടായില്ല. അതിനുശേഷം രണ്ട് വര്‍ഷത്തോളം നിപ മറഞ്ഞുനിന്നു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ വവ്വാലുകളുടെ എണ്ണം എത്രത്തോളം വര്‍ധിച്ചു, ആവാസവ്യവസ്ഥയില്‍ വന്നമാറ്റം തുടങ്ങിയവയായിരുന്നു പ്രധാനമായും പരിശോധനയ്ക്കു വിധേയമാക്കിയത്. ഈ സമയങ്ങളിലെല്ലാം ആരോഗ്യവകുപ്പ് അതീവജാഗ്രതയോടെ നിപയുടെ ഉറവിടം തേടി അലയുകയും പഠനം നടത്തുകയും ചെയ്തു. പക്ഷേ വീണ്ടും നാടിനെ നടുക്കി 2021 സെപ്റ്റംബര്‍ അഞ്ചിന് നിപ ബാധിച്ച് 13 വയസുകാരനായ മുഹമ്മദ് ഹാഷിം മരണമടഞ്ഞു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്തായിരുന്നു സംഭവം. അന്ന് 250 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയത്. എന്നാല്‍ പിന്നീട് ആര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായില്ല. വീട്ടിലെ റംബൂട്ടാനില്‍ നിന്നാണു നിപ പിടിപെട്ടതെന്നായിരുന്നു അന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വീട്ടിലെ ആട് റംബൂട്ടാന് കഴിച്ചിരുന്നതായും ഇതുവഴിയായിരിക്കാം രോഗം പടര്‍ന്നതെന്നുമായിരുന്നു വിലയിരുത്തല്‍.
തുടര്‍ന്ന് നടത്തിയ ചിട്ടയായ ആരോഗ്യ പ്രവര്‍ത്തനങ്ങളിലുടെയും ജാഗ്രതയിലുടെയും നിപയെ പൂര്‍ണമായും പുറത്താക്കിയെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പൊതുജനവും ആശ്വസിച്ചിരിക്കേയാണു പുതിയ ഭീതി ഉടലെടുത്തിരിക്കുന്നത്.
വീണ്ടും നിപയെത്തുമ്പോള് ഏതുരീതിയിലുള്ള ജാഗ്രതാ നടപടികളാണ് എടുക്കേണ്ടതെന്ന അവ്യക്തതയും ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്. സമ്പര്‍ക്ക പട്ടിക, ഐസോലേഷന് തുടങ്ങിയ ജാഗ്രതാ നടപടികള്‍ക്കു പ്രാമുഖ്യം കൊടുക്കാനാണു സര്‍ക്കാര്‍തലത്തില്‍ തീരുമാനം.