മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന് 21ന് ഹാജരാകണം
Wednesday, September 13, 2023 4:16 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും 21ന് ഹാജരാകാന്‍ കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കര്‍ശന നിര്‍ദേശം നല്കി.
സുരേന്ദ്രന് ഒന്നാംപ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ രാവിലെയാണു പരിഗണനയ്ക്കെടുത്തത്. കെ.സുരേന്ദ്രന് അടക്കമുള്ള പ്രതികള്‍ ഹാജരായില്ല. കഴിഞ്ഞ മേയ് 20ന് കേസ് കോടതിയുടെ പരിഗണനയില്‍ വന്നിരുന്നുവെങ്കിലും അന്നും സുരേന്ദ്രനടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനു ഹാജരാകാന്‍ കോടതി നോട്ടീസയച്ചു. എന്നാല്‍ അന്നേദിവസം ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ കേസ് സെപ്റ്റംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസം ഹാജരാകാനാണ് സുരേന്ദ്രനും മറ്റു പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്. തുടര്‍ച്ചയായി രണ്ടാംതവണയാണു പ്രതികള്‍ ഹാജരാകാതിരിക്കുന്നത്. ഇതോടെയാണ് പ്രതികള്‍ക്കെതിരേ കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും സുരേന്ദ്രന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന കെ.ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ഇന്ത്യന്‍ ശിക്ഷാനിയമം 171 ബി, ഇ വകുപ്പുകള്‍ക്കുപുറമേ അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.