ജനതാദൾ സംസ്ഥാന ഘടകത്തിൽ ആശയക്കുഴപ്പം
സ്വന്തം ലേഖകൻ
Saturday, September 23, 2023 2:47 AM IST
തിരുവനന്തപുരം: ജനതാദൾ- എസ് ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായതോടെ സംസ്ഥാന ഘടകം അങ്കലാപ്പിൽ. സംസ്ഥാനത്തു സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഒക്ടോബർ ഏഴിന് എറണാകുളത്ത് സംസ്ഥാന സമിതി യോഗം ചേരും.
കേരളത്തിലെ ഭൂരിഭാഗം നേതാക്കളും ബിജെപി വിരുദ്ധ ചേരിയിൽ അണിചേരുമെങ്കിലും ഒരു വിഭാഗം നേതാക്കൾ എച്ച്.ഡി. ദേവഗൗഡയ്ക്കും മകൻ കുമാരസ്വാമിക്കും ഒപ്പം ചേരുമെന്ന ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാന ഘടകത്തിൽ വരുംദിവസങ്ങളിൽ പിളർപ്പിനും വഴിയൊരുങ്ങിയേക്കാം.
ബിജെപി മുന്നണിയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും ഇടതുമുന്നണിക്കൊപ്പം തന്നെയായിരിക്കുമെന്നും ജെഡി-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. ഭാവി നടപടികൾ തീരുമാനിക്കാൻ പാർട്ടി സംസ്ഥാന സമിതി യോഗം ഒക്ടോബർ ഏഴിന് വിളിച്ചുചേർത്തിട്ടുണ്ട്. ബിജെപിക്കൊപ്പം പോകരുതെന്ന നിലവിലെ പാർട്ടി രാഷ്ട്രീയപ്രമേയം അംഗീകരിച്ചുള്ള നിലപാടാണ് സംസ്ഥാന ഘടകം സ്വീകരിക്കുക.
നേരത്തെ 2006ലും ജെഡിഎസ് സംസ്ഥാന ഘടകത്തെ വെട്ടിലാക്കി കർണാടകയിൽ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.