പോക്സോ കേസ്: ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ നിരപരാധിത്വം തെളിഞ്ഞു
Saturday, September 30, 2023 1:08 AM IST
മഞ്ചേശ്വരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയതുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിന് ആറുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ മോചനം.
മഞ്ചേശ്വരം സ്വദേശി നാരായണനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) വെറുതെ വിട്ടത്.
2017 മാര്‍ച്ച് മാസത്തില്‍ പല തവണയായി സ്വന്തം വീട്ടില്‍വച്ചും ജോലിസ്ഥലത്തുവച്ചും നാരായണന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ഈ വര്‍ഷം കേസിന്റെ അന്തിമ വിചാരണയ്ക്കിടെയാണ് പ്രതിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി പരാതിക്കാരിയുടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യം പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുകയും പരിശോധനയ്ക്ക് ഉത്തരവിടുകയുമായിരുന്നു.
പരിശോധനാഫലം വന്നപ്പോള്‍ നാരായണനല്ല കുട്ടിയുടെ പിതാവെന്നു വ്യക്തമായതോടെ കോടതി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരാളാണ് പീഡനം നടത്തിയതെന്ന് ഇതില്‍ തെളിഞ്ഞു. തുടര്‍ന്ന് നാരായണനെ കോടതി കുറ്റവിമുക്തനാക്കി വെറുതേ വിടുകയായിരുന്നു. അഭിഭാഷകരായ എ. ഗോപാലന് നായര്‍, വിനയ് മങ്ങാട്ട് എന്നിവരാണു നാരായണനു വേണ്ടി ഹാജരായത്.