മൂന്നാം സീറ്റ് ഇല്ല; പകരം രാജ്യസഭ
Monday, February 26, 2024 3:07 AM IST
ആലുവ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിനു വഴങ്ങാതെ കോണ്‍ഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വം പകരം രാജ്യസഭാ സീറ്റ് അധികമായി നല്‍കാമെന്ന് അറിയിച്ചു.
നിർദേശത്തില്‍ നാളെ മലപ്പുറത്ത് നടക്കുന്ന നേതൃയോഗത്തിനുശേഷം മറുപടി പറയാമെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചു. രാജ്യസഭാ സീറ്റ് നിർദേശം ലീഗിനു മുന്നില്‍ വച്ച കാര്യം കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം എഐസിസിയെയും അറിയിക്കും. സീറ്റ് സംബന്ധിച്ച് ഇന്നലെ ആലുവ ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂറോളം നീണ്ട കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു വ്യവസ്ഥ മുന്നോട്ടുവച്ചത്. ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റുകൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണമെന്നാണു ലീഗിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് അനുഭാവപൂര്‍വമായ നിലപാടല്ല സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്.
കോണ്‍ഗ്രസിന്റെ ഈ സമീപനത്തിനു പിന്നാലെയാണ് ലീഗ് നേതൃത്വം ആവശ്യം കടുപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ ലീഗിനെ അധികം പിണക്കാതെയുള്ള ഫോര്‍മുലയെന്ന നിലയിലാണു നിലവില്‍ രാജ്യസഭാ സീറ്റെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതില്‍ ലീഗ് വഴങ്ങുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എം.കെ. മുനീര്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, കെ.പി.എ. മജീദ് എംഎല്‍എ എന്നിവരും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
എഐസിസി അനുമതി തേടും
രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉപാധിയാണു ചര്‍ച്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഇതിനായി എഐസിസിയുടെ അനുമതി തേടും. സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷം തീരുമാനം അറിയിക്കാമെന്നാണു ലീഗ് അറിയിച്ചിട്ടുള്ളത്.
- കെ. സുധാകരൻ
യുഡിഎഫ് തൃപ്തരാണ്
സീറ്റ് വിഭജന ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. നാളെ ലീഗ് യോഗം ചേര്‍ന്നശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനം വേണം. യുഡിഎഫ് എല്ലാത്തരത്തിലും തൃപ്തരാണ്. സിപിഎം പണ്ടുമുതലേ ലീഗിനു പിന്നാലെ നടക്കുകയാണ്. അതില്‍ ഒരു കാര്യവുമില്ല.
-വി.ഡി. സതീശന്
ചര്‍ച്ച തൃപ്തികരം
സീറ്റ് ചര്‍ച്ച തൃപ്തികരമായിരുന്നു. നാളെ മലപ്പുറത്ത് നടക്കുന്ന പാർട്ടി യോഗത്തിനുശേഷം തീരുമാനം വ്യക്തമാക്കും. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പാണക്കാട് തങ്ങളെ ധരിപ്പിക്കും.
-പി.കെ. കുഞ്ഞാലിക്കുട്ടി