ആവേശത്തിരയിൽ സമരാഗ്നിക്ക് സമാപനം
Friday, March 1, 2024 2:28 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് പ്രവർത്തകരുടെ ആവേശം വാനോളമുയർന്ന പുത്തരിക്കണ്ടം മൈതാനത്ത് പതിനായിരങ്ങളെ സാക്ഷി നിർത്തി സമരാഗ്നി യാത്രയ്ക്ക് സമാപനം.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നടത്തിയ സമരാഗ്നി യാത്ര കഴിഞ്ഞ മാസം കാസർഗോഡുനിന്നാരംഭിച്ച് ഇന്നലെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചപ്പോൾ ജനസഞ്ചയം പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തി.
കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷനേതാവിനെയും സമരാഗ്നി യാത്രയിലെ സ്ഥിരാംഗങ്ങളേയും വാദ്യമേളങ്ങളുടെ അകന്പടിയോടെ പുത്തരിക്കണ്ടം മൈതാനിയിലേക്ക് എത്തിച്ചു.
സമ്മേളനനഗരിയിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം നേതാക്കൾ വേദിയിലേക്ക് പ്രവേശിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം
തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി ഉദ്ഘാടനം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്കെതിരേയുള്ള യുദ്ധമാണെന്നും അതിനായി കേരളത്തിലെ കോണ്ഗ്രസ് പ്രവർത്തകർ പോരാട്ടത്തിന് സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്ഗ്രസ് അതിശക്തമായ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും യുഡിഎഫ് നേടിയത് ഇക്കുറി ഇരുപതിൽ ഇരുപതായി വർധിപ്പിക്കണം.
നരേന്ദ്ര മോദിയോടും അമിത് ഷായോടും ചോദിക്കാനുള്ളത്, ബിജെപിക്കാർ രാജ്യത്തിനായി എന്തു ത്യാഗമാണ് സഹിച്ചത്? 10 വർഷത്തിനുള്ളിൽ 20 കോടി തൊഴിൽ വാഗ്ദാനം ചെയ്ത മോദിയോട് ആ തൊഴിൽ എവിടെയെന്ന് പാർലമെന്റിൽ ചോദിച്ചതു താനായിരുന്നു. അഴിമതിയുടെ കാര്യത്തിൽ കേരളത്തിലെ പിണറായി സർക്കാരും തെലുങ്കാനയിൽ നേരത്തേ ഭരിച്ച കെസിആർ സർക്കാരും ഒരുപോലെയാണ്. രണ്ടും അഴിമതിക്കാരാണ് . പിണറായി തെലുങ്കാനയിൽ മുന്പുവന്നത് എങ്ങനെ അഴിമതി നടത്താമെന്നു കണ്ടുപഠിക്കാനാണെന്നും രേവന്ദ് റെഡ്ഢി പരിഹസിച്ചു.
അടുത്തു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നു മുഖ്യപ്രഭാഷണം നടത്തിയ കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു ജുഡീഷറി, മാധ്യമങ്ങൾ തുടങ്ങി ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനശിലകളും തകർന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയാധികാരം നേടാൻ മാത്രമുള്ള തെരഞ്ഞെടുപ്പായി കാണാൻ കഴിയില്ല.
കർഷകർ തങ്ങളുടെ അവകാശം നേടിയെടുക്കാനായി ഇപ്പോഴും ഡൽഹിയിൽ സമരത്തിലാണ്. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുമെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ മോദി ഭരണകൂടം ഇഡിയെ ഉപയോഗിക്കുന്നു.ഇന്ത്യയിൽ ഇഡി രജിസ്റ്റർ ചെയ്ത 99 ശതമാനം കേസും പ്രതിപക്ഷ നേതാക്കൾക്കെതിരേയാണെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്വീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, അടൂർ പ്രകാശ്, ജിഗ്നേഷ് മേവാനി തുടങ്ങി എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.