അറബിക്കടലോരത്ത് പോരാട്ടത്തിരമാല
Thursday, April 18, 2024 1:55 AM IST
എം. ജയതിലകന്‍
കോഴിക്കോട്: വേനല്‍മഴ കിട്ടാത്തതിനാല്‍ വെന്തുരുകുകയാണ് കോഴിക്കോട്. നട്ടുച്ചയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വെയില്. രാത്രികാലത്തും ചൂടിനു കുറവില്ല. കാറ്റുപോലും വീര്‍പ്പടക്കി നില്ക്കുന്ന സാഹചര്യം.
വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടുകൂടി വന്നപ്പോള്‍ എരിപൊരി കൊള്ളുന്ന അവസ്ഥയായി. തെരഞ്ഞെടുപ്പു ദിനം അടുത്തുവന്നതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്യത്തിലേക്കു നീങ്ങി.
സാമൂതിരിയുടെ തട്ടകത്തില്‍ നാലാമത്തെ അങ്കത്തിന് ഇറങ്ങിപ്പുറപ്പെട്ടതാണ് യുഡിഎഫിലെ എം.കെ. രാഘവന്. രാജ്യസഭാംഗമായിരിക്കേ ലോക്സഭയിലേക്ക് കടന്നുചെല്ലാനുള്ള തയാറെടുപ്പിലാണു തൊഴിലാളി നേതാവായ എളമരം കരീം. ഇവര്‍ക്കൊപ്പം കളം നിറഞ്ഞുനില്‍ക്കുകയാണ് എന്‍ഡിഎയുടെ എം.ടി. രമേശ്.
പതിനഞ്ചു വര്‍ഷമായി തന്നെചേര്ത്തു പിടിച്ച കോഴിക്കോട് ഇത്തവണയും നെഞ്ചേറ്റുമെന്ന ആത്മവിശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍ രാഘവേട്ടനെന്ന് വിളിക്കുന്ന എം.കെ. രാഘവന്. 1980ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ജയിച്ച് ഇവിടെനിന്നു പാര്‍ലമെന്റിലെത്തിയ ഇ.കെ. ഇമ്പിച്ചിബാവയുടെ പിന്മുറക്കാരനാകാന് തനിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് എളമരം കരീം.
ജനകീയതയുടെ അടിത്തറയില്‍ എം.കെ. രാഘവന്
എം.കെ. രാഘവന്റെ മുഖമുദ്ര ജനകീയതയാണ്. മരണവീടുകളിലും വിവാഹവീടുകളിലുമെല്ലാം സ്ഥിരസാന്നിധ്യം. സഹായം തേടി എത്തുന്നവര്‍ക്കു പ്രതീക്ഷാ മുനമ്പ്. വിദൂര ട്രെയിന്‍ യാത്രകള്‍ക്കു റിസര്‍വേഷന്‍ ഇക്യൂ ടിക്കറ്റ് കിട്ടാന്‍ എംപി ഓഫീസില്‍ എത്തുന്നവര്‍ ഏറെ. അവര്‍ക്കൊക്കെ ആശ്വാസം നല്‍കാനുള്ള മനസാണു രാഘവന്റേത്. ആരെയും നിരാശപ്പെടുത്താറില്ല.
കഴിഞ്ഞ പതിനഞ്ചു വര്‍ഷം എംപിയെന്ന നിലയില്‍ വളര്‍ത്തിയെടുത്ത വിശ്വാസമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. എല്ലാ ജനകീയ വിഷയങ്ങളിലും ജനപക്ഷത്താണ് രാഘവൻ. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ വികസനമായാലും മെഡിക്കല്‍ കോളജിന്റെ പ്രശ്നമായാലും അവിടെ കേന്ദ്ര പദ്ധതികള്‍ വഴി വികസനം എത്തിക്കാന്‍ രാഘവന് മുന്നിലുണ്ട്. കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതിനുവേണ്ടി രണ്ടുതവണ പ്രധാനമന്ത്രിയെ അദ്ദേഹം നേരിട്ടുകാണുകയും ചെയ്തിരുന്നു.
ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം വര്‍ധിക്കുന്നതു ജനകീയ ഇടപടല്‍ കൊണ്ടുതന്നെയാണ്. 2009ല്‍ ആദ്യമായി ഇന്നത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിച്ചപ്പോള്‍ 838 വോട്ടായിരുന്നു രാഘവന്റെ ഭൂരിപക്ഷം.
2014ല്‍ എത്തിയപ്പോള്‍ അത് 16,883 ആയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 85,225 ആയും കുതിച്ചുയര്‍ന്നു. ഇത്തവണ ഈ ഭൂരിപക്ഷം ഉയരുമോ എന്നു മാത്രമാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.
തൊഴിലാളിനേതാവിന്റെ കരുത്തില്‍ എളമരം കരീം
തൊഴിലാളി നേതാവിന്റെ സംഘടനാ പാടവമാണ് എളമരം കരീമിന്റെ കരുത്ത്. സമരത്തീച്ചൂളയിലൂടെ വളര്‍ന്നുവന്ന നേതാവിന്റെ പക്വതയും അനുഭവസമ്പത്തുമാണ് കരീമിനെ വ്യതിരിക്തനാക്കുന്നത്.
രാഘവന്റെ പടയോട്ടത്തിനു കടിഞ്ഞാണിടാന്‍ കരീമിനെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവു വേണമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്.
മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന് രംഗത്തെത്തിയ കരീമിന് വിഎസ് മന്ത്രിസഭയില്‍ വ്യവസായമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനപരിചയവുമുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യസഭയില്‍ പ്രതിഷേധത്തിന്റെ ശബ്ദമായി മാറിയ നേതാവെന്ന നിലയില്‍ കരീം ഏറെ ശ്രദ്ധേയനാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഇടതുമുന്നണിയായതിനാല് ബഹുദൂരം മുന്നേറാന്‍ കരീമിനു കഴിഞ്ഞിട്ടുണ്ട്.
മോദിയുടെ തണലില്‍ എം.ടി. രമേശ്
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെയും മോദി സര്‍ക്കാറിന്റെ നേട്ടങ്ങളുടെയും തണലിലാണ് എന്‍ഡിഎ സ്ഥാനര്‍ഥി എം.ടി. രമേശ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. അട്ടിമറി വിജയമൊന്നും എന്‍ഡിഎ ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടു ശതമാനം വര്‍ധിക്കുന്നുവെന്നതു യാഥാര്‍ഥ്യമാണ്.
2009ല്‍ കേന്ദ്ര മന്ത്രി വി.മുരളീധരന് 8.51 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഡ്വ. പ്രകാശ്ബാബുവിന് 14.97 ശതമാനം വോട്ട് ലഭിച്ചതായി കാണാം. ഇത്തവണ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു ബിജെപി പ്രതീക്ഷിക്കുന്നത്.
ഇടതുപക്ഷത്തിന്റെ കോട്ട, എന്നിട്ടും...
ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള മണ്ഡലമാണ് കോഴിക്കോട്. നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ ആറിടത്തും ഇടതുപക്ഷ എംഎല്‍എമാര്‍. കൊടുവള്ളിയില്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്.
മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളിലായി ഇടതുപക്ഷത്തിനു 1,23,284 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ യുഡിഎഫ് മേല്‍ക്കൈ നേടുന്നു.
ദേശീയ നേതാക്കളെ ഇറക്കി കളം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൂന്നു മുന്നണികളും. രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് വന്‍ റാലിയാണ് യുഡിഎഫ് സംഘടിപ്പിച്ചത്. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ കഴിഞ്ഞദിവസം കോഴിക്കോട്ട് എത്തി വിവിധ പരിപാടികളില്‍ സംബന്ധിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്, ബൃന്ദാ കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കളും എത്തുന്നുണ്ട്. ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തുടങ്ങിയ നേതാക്കള്‍ എന്‍ഡിഎയുടെ പ്രചാരണത്തിനായി കോഴിക്കോട്ട് എത്തിയിരുന്നു.