ബാർ കോഴ ആരോപണം: മലക്കംമറിഞ്ഞ് അനിമോൻ
Sunday, May 26, 2024 1:02 AM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ പിടിച്ചുകുലുക്കിയ ബാർ കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ നേതാവ് അനിമോൻ.
ബാർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞതുപോലെ സംഘടനയ്ക്കായി തിരുവനന്തപുരത്ത് ആസ്ഥാനമന്ദിരം നിർമിക്കുന്നതിനാണ് 2.5 ലക്ഷം രൂപ വീതം ബാറുടമകളിൽനിന്ന് ആവശ്യപ്പെട്ടതെന്ന വിശദീകരണവുമായി അനിമോൻ ഇന്നലെ വൈകുന്നേരത്തോടെ രംഗത്തെത്തി.
ബാറുടമകളുടെ ആവശ്യത്തിനനുസരിച്ചു മദ്യനയത്തിൽ മാറ്റം വരുത്താൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന അനിമോന്റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് വിവാദം തുടങ്ങിയത്.
ശബ്ദരേഖ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് മലക്കംമറിഞ്ഞുള്ള അനിമോന്റെ പുതിയ കത്ത് പുറത്തുവന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്പോൾ ആദ്യഘട്ടത്തിൽ മൊഴിയെടുക്കേണ്ടയാളാണ് ബാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. ബാർ അസോസിയേഷൻ നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് അനിമോൻ മലക്കംമറിഞ്ഞതെന്നാണ് പറയപ്പെടുന്നത്.
താൻ അയച്ച സന്ദേശം എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടാക്കി എന്നും ബാർ ഹോട്ടൽ നടത്തിപ്പുകാരായ തന്റെ സഹപ്രവർത്തകർക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും സർക്കാരിനും ഭരണമുന്നണിക്കും എതിരേ ആരോപണം ഉണ്ടാകാൻ ഇടയാക്കിയെന്നു പിന്നീടുണ്ടായ സംഭവങ്ങളിൽനിന്ന് മനസിലായെന്നു അനിമോൻ കത്തിൽ പറയുന്നു.
ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതൊന്നും ഉദ്ദേശിച്ചതുപോലെയായില്ല. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കത്തിൽ പറയുന്നു.