മൂല്യനിർണയ പരിഷ്കരണം: അനുകൂലിച്ച് പ്രതിപക്ഷം, എതിര്ത്ത് ഭരണാനുകൂല സംഘടനകൾ
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന മൂല്യനിർണയ പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് ഭരണാനുകൂല അധ്യാപക, വിദ്യാർഥി സംഘടനകൾ. അതേസമയം, പരിഷ്കരണത്തിന് പൂർണ പിന്തുണയുമായി പ്രതിപക്ഷ അധ്യാപക സംഘടനയും.
മൂല്യനിർണയ പരിഷ്കരണം സംബന്ധിച്ച് നടത്തിയ സെമിനാറിലാണ് പരിഷ്കരണ നീക്കത്തിനെതിരേ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം പാർട്ടിയുടെ അധ്യാപക സംഘടനയായ കെഎസ്ടിഎയും വിദ്യാർഥി സംഘടനയായ എസ്എഫ്ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ശില്പശാല പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ വിദ്യാർഥികളുടെ സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മൂല്യനിർണയ പരിഷ്കരണം നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണം നടന്നുവരുന്ന പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന്റെ രീതിയും മാറ്റുകയാണ്. 2005 മുതൽ പിന്തുടർന്നു പോരുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയുടെ ശക്തിയും ദൗർബല്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കാനാണ് മൂല്യനിർണയ പ്രക്രിയയുടെയും പരിഷ്കരണം നടത്തുന്നത്. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ ചില പഠനങ്ങളിൽ കേരളം പിന്നാക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷമാണ് വിഷയത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിപ്രായപ്രകടനം നടത്തിയത്. ആ ഘട്ടത്തിലാണ് സിപിഎം അനുകൂല സംഘടനകൾ തങ്ങളുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചത്.
ചർച്ചകൾ എല്ലാം നല്ലതാണെന്നും എന്നാൽ ദാർശനികവും സൈദ്ധാന്തികവുമായ ശരിയെ കേരളത്തെപ്പോലുള്ള പുരോഗമന സമൂഹം തള്ളിക്കളയുകയല്ല വേണ്ടതെന്നും കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബദറുന്നീസ അഭിപ്രായപ്പെട്ടു.
മൂല്യനിർണയ പരിഷ്കരണത്തിലൂടെ ഒരുവിഭാഗത്തെ തോറ്റവർ എന്ന കള്ളിയിലേക്ക് മാറ്റുന്നത് പാർശ്വവത്കരിക്കപ്പെട്ടവരെ സൃഷ്ടിക്കുമെന്നും ബദറുന്നിസ അഭിപ്രായപ്പെട്ടു. മിനിമം മാർക്ക് കൊണ്ടുവരുന്പോൾ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന സമ്മർദം കണ്ടറിയണം. മൂല്യനിർണയ പരിഷ്കരണ വിഷയം കെഎസ്ടിഎ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ മന്ത്രിക്ക് എഴുതിനല്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മുഴുവൻ പ്രശ്നത്തിലാണെന്ന രീതിയിലുള്ള ചർച്ച ചില കോണുകളിൽനിന്ന് ഉയരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ചർച്ചയിൽ പറഞ്ഞു.
നിരന്തരമൂല്യനിർണയം ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിലാണ് വീഴ്ച ഉണ്ടായത്. മിനിമം മാർക്ക് ഏർപ്പെടുത്തി ഒരു വിഭാഗം വിദ്യാർഥികളെ തോൽപ്പിച്ചാൽ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
മൂല്യനിർണയ പരിഷ്കരണം ആർക്കുവേണ്ടി എന്തിനു വേണ്ടി എന്നത് ചർച്ച ചെയ്യപ്പെടണമെന്ന് ശാസ്ത്ര സാഹിത്യപരിഷത് പ്രതിനിധി ഒ.എം. ശങ്കരൻ അഭിപ്രായപ്പെട്ടു. കുട്ടികളെ ചേർത്തു പിടിക്കുന്ന സമീപനമാണ് വേണ്ടത്. നമുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ കുട്ടികളെ കുറ്റപ്പെടുത്തരുതെന്നും കഴിഞ്ഞ അധ്യയനവർഷം എത്ര എഇഒമാരും ഡിഇഒമാരും സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടെന്നും ആത്മപരിശോധന നടത്തണമെന്നും ശങ്കരൻ ആവശ്യപ്പെട്ടു.
എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പൂർണമായും മൂല്യനിർണയ പരിഷ്കരണത്തെ പിന്തുണച്ചത് ഏറെ ശ്രദ്ധേയമായി. വിജയശതമാനം വർധിപ്പിക്കാനായി നിരന്തര മൂല്യനിർണയത്തിൽ പരമാവധി മാർക്ക് നല്കുന്നതാണ് മൂല്യനിർണയത്തിന്റെ നിലവാരം ഇടിയാൻ കാരണമായതെന്നു പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ ഒന്നു മുതൽ തന്നെ എഴുത്തു പരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തണമെന്നും ഉള്ളടക്കം മൂല്യാധിഷ്ഠിതമാക്കണമെന്നും അബ്ദുൾ മജീദ് ചർച്ചയിൽ അഭിപ്രായം മുന്നോട്ടുവച്ചു. സമഗ്രമായ മൂല്യനിർണയ പരിഷ്കരണം ആവശ്യമെന്നു സിപിഐ അധ്യാപക സംഘടനാ പ്രതിനിധി ഒ.കെ. ജയകൃഷ്ണൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.
എന്നാൽ പരീക്ഷകൾ വിദ്യാർഥികളെ തോൽപ്പിക്കാനായുള്ള ഒരു സംവിധാനമായി മാറ്റരുതെന്നും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.