മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റിവച്ചു
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റി. മുഖ്യമന്ത്രിയുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് യോഗം മാറ്റിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേരാനിരുന്ന സബ്കളക്ടർമാരുടെ യോഗം ജൂണ്‍ ആറിലേക്ക് മാറ്റിയതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെയാണ് സബ്കളക്ടർമാരുടെ യോഗം മാറ്റിയത്. ജൂണ്‍ ആറു വരെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ രണ്ടു യോഗങ്ങളും ഇതിനു ശേഷമാകും നടക്കുക.
പെരുമാറ്റച്ചട്ടം നിലനിലക്കുന്നതിനാൽ ഇരുയോഗങ്ങൾക്കും പ്രത്യേക അജണ്ട ഉണ്ടായിരുന്നില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ വിളിച്ചു ചേർക്കുന്ന പതിവ് യോഗമാണ് ഇന്നലെ ചേരാനിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയാറെടുപ്പുകളും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ, പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളുടെ ഏകോപനവും മുഖ്യ അജണ്ടയായിരുന്നു.
അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസ്ഥാനത്ത് വർധിക്കുന്ന കുറ്റകൃത്യങ്ങൾ, ക്രമസമാധാന നില, ഗുണ്ടാ ആക്രമണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. സംസ്ഥാന പോലീസ് മേധാവി, എഡിജിപിമാർ, ഐ.ജി, ഡിഐജി തുടങ്ങിയ ഉന്നതതലത്തിലെ 26 ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.