മൂന്നാര്‍ ഭൂമി കൈയേറ്റം; അന്വേഷണം സിബിഐക്ക് വിടേണ്ടിവരും: കോടതി
Wednesday, May 29, 2024 1:44 AM IST
കൊച്ചി: മൂന്നാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്കു വിടേണ്ടിവരുമെന്ന് ഹൈക്കോടതി.
ക്രൈംബ്രാഞ്ചും വിജിലന്‍സും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി വൈകുന്നതായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
നിലവിലെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി മൂന്നാര്‍ മേഖലയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ പരാജയപ്പെട്ടവയുടെ വിവരങ്ങളും വിധിപ്പകര്‍പ്പുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഇന്നത്തേക്ക് പരിഗണിക്കാനായി മാറ്റി.
സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കാനായേക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാര്‍ മേഖലയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടനയടക്കം നല്കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.