പെരുമഴയിൽ പകച്ച് കേരളം
Wednesday, May 29, 2024 1:44 AM IST
തിരുവനന്തപുരം: പത്തു ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആകെ തകർന്നത് 514 വീടുകൾ. ഇതിൽ 36 വീടുകൾ പൂർണായും 478 വീടുകൾ ഭാഗികമായുമാണ് തകർന്നത്. സംസ്ഥാനത്താകെ 19 ദുരിതാശ്വാസ ക്യാന്പുകളിലായി കഴിയുന്നത് 1676 പേരാണെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
മഴ ശക്തമായ 19 മുതൽ ഇന്നലെ വരെയുണ്ടായ വിവിധ അപകടങ്ങളിൽ 14 പേർ മരിച്ചു. ഇതിൽ ഒന്പത് പേരുടേത് മുങ്ങിമരണമാണ്. രണ്ടുപേർ ഇടിമിന്നലേറ്റും രണ്ടുപേർ മരം കടപുഴകി വീണതിനെത്തുടർന്നും ഒരാൾ മതിൽ തകർന്നു വീണതിനെത്തുടർന്നുമാണ് മരിച്ചത്. വിവിധ അപകടങ്ങളിൽ 16 പേർക്ക് പരിക്കേറ്റു.
ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത് പാലക്കാട്, കൊല്ലം ജില്ലകളിലാണ്, ഏഴു വീടുകൾ വീതം. എറണാകുളത്ത് ആറും തിരുവനന്തപുരത്ത് അഞ്ചും കണ്ണൂരിൽ നാലും ആലപ്പുഴയിൽ മൂന്നും കാസർഗോഡ് രണ്ടും കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഓരോ വീടുകൾ വീതവും തകർന്നിട്ടുണ്ട്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് കേടുപാടുകളുണ്ടായത്. 77 വീടുകളാണ് ജില്ലയിൽ പെയ്ത കനത്ത മഴയിൽ ഭാഗികമായി തകർന്നത്. തിരുവനന്തപുരം-73, കൊല്ലം-72, കോഴിക്കോട്-62, കാസർഗോഡ്-56, ആലപ്പുഴ-31, തൃശൂർ-21, മലപ്പുറം-21, പാലക്കാട്-18, കണ്ണൂർ-14, പത്തനംതിട്ട-എട്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം. ഏറ്റവും കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് കൊല്ലം ജില്ലയിലാണ്, 877 പേർ.
ആലപ്പുഴയിൽ 710 പേരും കോട്ടയത്ത് 48 പേരും എറണാകുളം ജില്ലയിൽ 25 പേരും തിരുവനന്തപുരത്ത് 16 പേരും വിവിധ ക്യാന്പുകളിലായി കഴിയുന്നുണ്ട്.