അപകീര്‍ത്തി കേസ്: വി.ഡി. സതീശന് കോടതിയില്‍ ഹാജരായി
Thursday, May 30, 2024 12:48 AM IST
കൊച്ചി: പത്രസമ്മേളനത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്നലെ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരായി.
എംഎല്‍എമാര്‍ക്കുള്ള പ്രത്യേക കോടതിയിലാണ് പ്രതിപക്ഷ നേതാവ് ഹാജരായത്. പറവൂര്‍ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിനെതിരേ 2012 നവംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചുള്ള കേസിലാണ് വി.ഡി. സതീശന് ഹാജരായത്.
നാളെയാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ അന്ന് സ്ഥലത്ത് ഉണ്ടാകില്ലെന്നും ആയതിനാല്‍ 29ന് പരിഗണിക്കണമെന്നും അഭിഭാഷകന് മുഖേന അഭ്യർഥിച്ചതനുസരിച്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 313 പ്രകാരം മൊഴി നല്‍കാനാണ് പ്രതിപക്ഷ നേതാവ് ഹാജരായത്.