സെറ്റെന്ന് സർക്കാർ; ബാനര്‍പോലും സെറ്റായില്ലെന്ന് അധ്യാപക സംഘടനകള്‍
Thursday, May 30, 2024 12:48 AM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: സ്കൂള്‍ പ്രവേശനോത്സവ ബാനറിലെ ഇപ്രാവശ്യത്തെ ലോഗോ എല്ലാം സെറ്റ്. എന്നാൽ ബാനർ ഉൾപ്പെടെ ഒന്നും ഇതുവരെ സെറ്റായിട്ടില്ലെന്ന് അധ്യാപക സംഘടനകള്‍.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ പേരിലാണ് പ്രവേശനോത്സവ ബാനര്‍ പുറത്തിറക്കിയത്. 2024ലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ജൂണ്‍ മൂന്നിനാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂളുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഈ ബാനര്‍ ബിആര്സിവഴി എത്തുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എത്തുന്ന സൂചനകളില്ലാത്തതിനാല്‍ സ്കൂളുകള്‍ സ്വന്തം ചെലവില്‍ പ്രിന്റ് ചെയ്തു പ്രദര്‍ശിപ്പിക്കേണ്ടി വന്നേക്കും.
കഴിഞ്ഞവര്‍ഷം ബാനർ നല്കുമെന്നു പറഞ്ഞിട്ട് എത്താതിരുന്നതുമൂലം സ്കൂളുകള്‍തന്നെ പ്രിന്റ് ചെയ്താണ് പ്രദര്‍ശിപ്പിച്ചത്. ഇപ്രാവശ്യം മാറ്റംവരുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ പൂര്‍ണമായും എത്തിയിട്ടില്ല.
സ്കൂളുകളില്‍ യൂണിഫോം വിതരണം ചെയ്യുന്ന നടപടികളും എങ്ങുമെത്തിയിട്ടില്ല. എല്‍പി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള യൂണിഫോമില്‍ ചില സ്കൂളുകളില്‍ ടോപ്പുമാത്രവും മറ്റ് ചില സ്കൂളുകള്‍ ബോട്ടം മാത്രവുമേ വിതരണം ചെയ്യാന്‍ സ്കൂളുകളില്‍ എത്തിച്ചിട്ടുള്ളു.
2023മേയ് 31ലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബിഎസ്എൻഎല്‍ ഫോണ്‍ കണക്ഷനുകള്‍ വിഛേദിച്ച് സ്കൂളുകളില്‍ കെ ഫോണ്‍ എടുത്തെങ്കിലും മിക്ക സ്ഥലങ്ങളിലും പുതിയ ഫോണ്‍ സംവിധാനം റേഞ്ച് ഔട്ടാണെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്.