ഡിസിഎല്
Thursday, June 13, 2024 2:45 AM IST
തേനിയിലെ ഓമനച്ചില്ലകൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മൂന്നു മരങ്ങൾ. മൂന്നും ചുറ്റിപ്പിണഞ്ഞു നിൽക്കുന്നു. പേരാൽ, അരയാൽ, ആര്യവേപ്പ്! നിറഞ്ഞു തുളുന്പുന്ന ഹരിതസമൃദ്ധിയോടെ, ഇളംകാറ്റിലിളകി, സ്നേഹോദരമായി, തമ്മിൽ തമ്മിൽ ശിഖരങ്ങൾ കോർത്ത് അംബരമുഖികളായി നിൽക്കുകയാണ്!
തമിഴ്നാട്ടിൽ, തേനി ജില്ലയിൽ പെരിയകുളം മേരിമാതാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ അതിമനോഹരമായ അങ്കണത്തിലാണ് അപൂർവ സുന്ദരമായ ഈ തരുലതാസൗഹൃദത്തിന്റെ അവിസ്മരണീയ ദൃശ്യമുള്ളത്. സിഎംഐ സഭയുടെ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ നേതൃത്വത്തിലുള്ള തേനി മേരിമാതാ കോളജ്, തമിഴനാട് സർക്കാരിന്റെ മികച്ച കോളജിനുള്ള പുരസ്കാരം നേടിയ കുലീനമായ കലാലയമാണ്. കോളജ് പ്രിൻസിപ്പൽ ഫാ. ഐസക് പൂച്ചാങ്കുളമാണ്, കോളജ് അങ്കണത്തിലെ ഈ തണൽമരച്ചങ്ങാത്തത്തിന്റെ വിശേഷം കാട്ടിത്തന്നത്.
കോളജ് മുഴുവൻ നൂറുകണക്കിന് ഔഷധ സസ്യങ്ങളുടെ മഹാസമൃദ്ധിയാണ്. അത്തിയും അമൃതപ്പാലയും അയമോദകവും അരണമരവും അരയാലും അരളിയും അരൂതയും അശോകവും അന്പഴവും ആകാശവല്ലിയും മുതൽ, മുളയും മുയൽച്ചെവിയനും സർപ്പഗന്ധിയും സൂചിമുല്ലയും വരെ പടർന്നു പകരുന്ന അന്തരീക്ഷ ശുദ്ധിയുടെ അടയാള സ്തൂപം പോലെയാണ് നമ്മുടെ ആര്യവേപ്പും അരയാലും പേരാലും ആശേഷിച്ചുനിൽക്കുന്നത്!
കൂട്ടുകാരേ, പരിസ്ഥിതിദിനം കടന്നുപോയിട്ടും പുതിയ അധ്യയനവർഷത്തിലെ ആദ്യ കത്തിൽ, എന്തിനാണീ മരവിശേഷങ്ങൾ എന്നു തോന്നുന്നില്ലേ?
ഓരോ വിദ്യാർഥിയുടെയും അധ്യയനത്തിലെ നേർപ്പകർത്താണീ വൃക്ഷാശ്ളേഷചിത്രം എന്നെനിക്കു തോന്നി. ഈ മൂന്നു മരങ്ങൾ - ഒന്ന് നിങ്ങൾ, മറ്റൊന്ന് നിങ്ങളുടെ മാതാപിതാക്കൾ, അടുത്തത് അധ്യാപകർ എന്ന് സങ്കല്പിച്ചു നോക്കൂ... ഉത്തമ വിദ്യാലയ അന്തരീക്ഷം, ഈ മൂന്നു പേരുടെയും ചേർച്ചയാണ് എന്നതാണു സത്യം.
ഒരു വിദ്യാർഥിയും ഒറ്റയ്ക്കു വളരുന്നില്ല. മാതാപിതാ -ഗുരു കരവലയമാണ് വിദ്യാർഥിയുടെ സുരക്ഷാകവചം. ഈ മൂന്നാളുകളും കൈകോർത്താലേ പഠനവും പരിശീലനവും വിജയകരമാകൂ. ഏതെങ്കിലും ഒരാൾ ഇല്ലാതായാൽ പഠനം താളംതെറ്റും. മാതാപിതാക്കളും മക്കളും തനിയേ പഠനം സുഗമമാവണമെന്നില്ല. മക്കളും അധ്യാപകരും മാത്രമായും, പഠനം നടക്കില്ല! മാതാപിതാക്കളില്ലെങ്കിൽ വിദ്യാർഥികളില്ല! വിദ്യാർഥികളുണ്ടെങ്കിലേ അധ്യാപകർക്കും പ്രസക്തിയുള്ളൂ! അർപ്പണബോധമുള്ള അധ്യാപകപരുണ്ടെങ്കിലേ, മാതാപിതാക്കൾക്ക് മക്കളെ വിദ്യാദാനത്തിന്റെ വിശുദ്ധിയിലൂടെ വഴിനടത്താനാകൂ!
കാറ്റടിച്ചാൽ ആ മരങ്ങൾ വീഴില്ല! ഒരു മരത്തിനു മാത്രമായി പേമാരി പെയ്യുകയുമില്ല! മൂന്നു മരങ്ങളും ഇഴചേർന്നു നിന്ന് ഏതു കൊടുങ്കാറ്റിനെയും നേരിടും. വിജ്ഞാനത്തിന്റെ നവശാഖകളിൽ തളിരണിഞ്ഞു തഴച്ചുവളരാൻ വിദ്യാർഥികൾക്ക്, മാതാപിതാക്കളുടെയും അധ്യാപകരുടെയും കൃപാകരങ്ങൾ കോർത്തു മുന്നേറാൻ കഴിയട്ടെ! അങ്ങനെ വിദ്യാലയത്തിന്റെ പരിസ്ഥിതി, പഠന സൗഹൃദാന്തരീക്ഷമായി മാറട്ടെ!
സ്നേഹാശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ സംസ്ഥാന പ്രവർത്തനോദ്ഘാടനം 28-ന് നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളിൽ
കോട്ടയം: ദീപിക ബാലസഖ്യം 2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളിൽ നടക്കും. ജൂൺ 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നാണുസമ്മേളനം.
പുതിയ അധ്യയനവർഷം നിരവധി കർമ്മ പരിപാടികളാണ് ദീപിക ബാലസഖ്യം സംഘടിപ്പിച്ചിരിക്കുന്നത്.
ഞാറും ചോറും
2024-25 അധ്യയനവർഷം ദീപിക ബാലസഖ്യം ദീപികയുമായി ചേർന്ന് സ്കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് ‘ഞാറും ചോറും’
കേരളത്തിലെ എല്ലാ സിലബസിലെയും വിദ്യാലയങ്ങളെ കോർത്തിണക്കി, 2000 സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഈ പദ്ധതിയിലൂടെ കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വളർച്ചയാണ് ലക്ഷ്യമിടുന്നത്. അതിനായി താഴെപ്പറയുന്ന പദ്ധതികൾ സ്കൂളുകളിൽ നടത്തുന്നതിന് ആഗ്രഹിക്കുന്നു.
1. മികച്ച ലൈബ്രറി - വായനാശീലം വളർത്തുക
ചോക്ലേറ്റ്, കുട്ടികളുടെ ദീപിക, കുട്ടികളുടെ ദീപിക പ്രൈമറി സ്പെഷൽ, ചിൽഡ്രൻസ് ഡൈജസ്റ്റ്, തുടങ്ങിയ മൂല്യാധിഷ്ഠിത പ്രസിദ്ധീകരണങ്ങളുൾപ്പെടെ ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയവ കുട്ടികൾക്കു സംലഭ്യമാക്കുക. അതിലൂടെ കുട്ടികളിൽ വായനാശീലം വളർത്തുകയും വിജ്ഞാന സന്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
2. ഹരിതവിദ്യാലയം - ഗ്രീൻ കാന്പസ്
ഈ പദ്ധതിയിലൂടെ സ്കൂൾ കാന്പസ് സസ്യലതാദികളാൽ മനോഹരമായി നിൽക്കുന്ന സാഹചര്യം സൃഷ്ടിക്കുക. കുട്ടികളാൽ നിർമ്മിക്കപ്പെടുന്ന മികച്ച പൂന്തോട്ടം, വൃത്തിയുള്ള കാന്പസ്, പ്ലാസ്റ്റിക് രഹിത സ്കൂൾ എന്നീ മൂല്യങ്ങളുടെ അടിസ്ഥാനങ്ങളിൽ സ്കൂൾ അന്തരീക്ഷം നിലനിർത്തുവാനുള്ള പ്രോത്സാഹനം നല്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
3. കുട്ടിക്കർഷകർ
ഹരിത വിദ്യാലയം എന്ന പദ്ധതിയോടു ചേർന്നുതന്നെ, കൃഷിയെ സ്നേഹിക്കാനും പ്രകൃതിയെ ബഹുമാനിക്കാനും അനുയോജ്യമായ രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുക എന്നത് ലക്ഷ്യമിടുന്നു. കുട്ടികളുടെ നേതൃത്വത്തിൽ അവർ സ്കൂളുകളിലോ വീടുകളിലോ ചെയ്യുന്ന കൃഷി വിലയിരുത്തി പ്രോത്സാഹനം നൽകുക.
4. ജേതാവ് നേതാവ് (ഡിസിഎൽ കലോത്സവം)
ദീപിക പബ്ലിക് സ്പീക്കിംഗ് അവാർഡ് - സ്കൂളുകളിൽ കുട്ടികളുടെ നേതൃത്വഗുണവും പ്രസംഗപാടവവും വളർത്താൻ സ്കൂൾതലത്തിൽ പ്രോത്സാഹനം നൽകി, പ്രസംഗമത്സരം സംഘടിപ്പിച്ച്, വിജയികളാകുന്നവരെ ജില്ലാതലത്തിലേക്ക് അയയ്ക്കുക. അവരിൽനിന്നു പുതിയ നേതാക്കളെയും വാർത്തെടുക്കുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ലളിതഗാനം, ലഹരിവിരുദ്ധ സംഘഗാനം, കഥ, കവിത, ഉപന്യാസ രചനാമത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കു ന്നതാണ്.
5. കിക്ക് ഒൗട്ട്
ലഹരി-സോഷ്യൽമീഡിയ അഡിക്ഷനെതിരേ കുട്ടികളെ ബോധവത്കരിച്ച് ക്രിയാത്മക വളർച്ചയ്ക്ക് സാഹചര്യമൊരുക്കുന്ന രീതിയിലുള്ള അവബോധ സെമിനാറുകളും പരിശീലനവും. ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്. ഓരോ സ്കൂളിലും ലഹരിക്കെതിരേയും സോഷ്യൽമീഡിയ അഡിക്ഷനെതിരേയും പ്രത്യേകം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അതിലൂടെ ലഹരിക്കെതിരേ കുട്ടികളുടെതന്നെ ടീമിനെ വാർത്തെടുത്തു സ്കൂൾതലങ്ങളിൽ പ്രവർത്തനം നടത്തുക.
6. പൊതുവിജ്ഞാനീയം
ചിൽഡ്രൻസ് ഡൈജസ്റ്റ് ചാന്പ്യൻ 2025, ചോക്ലേറ്റ് ജീനിയസ്, സ്മാർട്ട് കിഡ്, എന്നീ മത്സരങ്ങളിലൂടെ കുട്ടികളെ കൂടുതൽ പൊതുവിജ്ഞാനത്തിലേക്കു വളർത്തുക.
മത്സരപരീക്ഷകൾക്കു പുതിയ തലമുറയെ സജ്ജമാക്കുന്നതിനും അവരിൽ പൊതുവിജ്ഞാനം വളർത്തുന്നതിനും ഈ മത്സരങ്ങൾ ലക്ഷ്യംവയ്ക്കുന്നു.
നാലു മുതൽ ഒന്പതു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഇംഗ്ലീഷിൽ നടത്തപ്പെടുന്ന ക്വിസ് മത്സരമാണ് ചിൽഡ്രൻസ് ഡൈജസ്റ്റ് ചാന്പ്യൻ 2025. നാലു മുതൽ ആറുവരെ ക്ലാസുകൾ, ഏഴു മുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ എന്നിങ്ങനെ രണ്ടു കാറ്റഗറികളിലായി മത്സരം നടത്തുന്നു.
നാലു മുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി മലയാളത്തിൽ നടത്തുന്ന ക്വിസ് മത്സരമാണ് ചോക്ലേറ്റ് ജീനിയസ്. നാലുമുതൽ ആറുവരെ ഒരു കാറ്റഗറിയും ഏഴുമുതൽ ഒൻപതുവരെ രണ്ടാമത്തെ കാറ്റഗറിയുമായി മത്സരം നടത്തുന്നു.
സ്മാർട്ട് കിഡ് - കെജി മുതൽ മൂന്നാംക്ലാസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം. രണ്ടു കാറ്റഗറികൾ.
1. എൽകെജി, യുകെജി, ഒന്നാംക്ലാസ്. 2. രണ്ടാംക്ലാസ്, മൂന്നാംക്ലാസ്.
ഡിസിഎൽ ഐക്യു ഒളിന്പ്യാഡ് ഒക്ടോബറിൽ
ദീപിക ബാലസഖ്യം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പൊതുവിജ്ഞാന പരീക്ഷ ഐക്യു നാഷണൽ ഒളിന്പ്യാഡ് ഒക്ടോബറിൽ നടക്കും. ഡിസിഎൽ പുറത്തിറക്കുന്ന ഐക്യു വിൻമാസ്റ്റർ എന്ന പൊതുവിജ്ഞാന പുസ്തകം വാങ്ങുന്ന കുട്ടികൾക്ക് ഈ മത്സരത്തിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. എൽകെജി മുതൽ പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ക്ലാസ് അടിസ്ഥാനത്തിൽ മത്സരപരീക്ഷയുണ്ടായിരിക്കും. ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടുന്ന കുട്ടികൾക്ക് 5000, 4000, 3000 രൂപ വീതവും കൂടാതെ ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന 200 കുട്ടികൾക്ക് 500 രൂപ വീതവും കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും നൽകും. 80 ശതമാനത്തിൽ കൂടുതൽ മാർക്കു വാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും നല്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഗ്രേഡ് അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8304987959 എന്ന നന്പരിൽ (രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടുക.