അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
Thursday, June 13, 2024 2:48 AM IST
മിലോ അങ്കമാലി
അങ്കമാലി: ‘അങ്കമാലി കല്ലറയില്‍, ഞങ്ങടെ സോദരരാണെങ്കില്‍, കല്ലറയാണേ കട്ടായം, പകരം ഞങ്ങള്‍ ചോദിക്കും’... ആറര പതിറ്റാണ്ടു മുമ്പ് ഏറെക്കാലം കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര ഭൂമികയിൽ ഉറക്കെയുയർന്നുകേട്ട മുദ്രാവാക്യമായിരുന്നു ഇത്. വിമോചനസമരത്തിന്റെ ഭാഗമായി നടന്ന അങ്കമാലി വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ചോര വീണ മണ്ണും അവരെ സംസ്കരിച്ച കല്ലറയുമാണ് ആ ഉജ്വലമുദ്രാവാക്യത്തിന്റെ ഉറവിടം.
1959 ജൂണ്‍ 13ന് ഏഴു പേരുടെ മരണത്തിനിടയാക്കിയ അങ്കമാലി വെടിവയ്പ് നടന്നിട്ട് ഇന്ന് 65 വര്‍ഷം. അന്നത്തെ സമരസ്മൃതികളുടെ ആവേശം തൊണ്ണൂറാം വയസിലും തെല്ലും കുറയാതെ അങ്കമാലിയിലെ സമരനായകരിലൊരാളായ ഗർവാസിസ് അരീക്കൽ ഉള്ളിലേറ്റുന്നു.
കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയങ്ങളിലും നിയമ നടപടികളിലുമുണ്ടായ ജനങ്ങളുടെ എതിർപ്പ് കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രക്ഷോഭമായി രൂപപ്പെടുകയായിരുന്നു. അങ്കമാലിയിലെ ജനകീയ പ്രതിഷേധം അടിച്ചമർത്താൻ പോലീസ് നടത്തിയ വെടിവയ്പില്‍ ഏഴു പേരാണ് രക്തസാക്ഷിത്വം വരിച്ചത്.
അന്ന് കോണ്‍ഗ്രസിന്റെ അങ്കമാലി മണ്ഡലം പ്രസിഡന്റായിരുന്നു 25കാരനായിരുന്ന ഗര്‍വാസിസ് അരീക്കല്‍. നിരപരാധികളായ ജനക്കൂട്ടത്തിനുനേരേ പോലീസ് അകാരണമായി വെടിവയ്ക്കുകയായിരുന്നെന്ന് ഗർവാസിസ് പറയുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കേരളത്തിലെന്പാടും രൂപംകൊണ്ട സമരസമിതികൾ കള്ളുഷാപ്പുകൾ ഉപരോധിച്ചു.
കാലടിക്കടുത്ത് മറ്റൂരിലുള്ള ഷാപ്പ് ഉപരോധത്തിൽ പങ്കെടുത്തവരിൽ ഒരാളെ അങ്കമാലി പോലീസ് അതിക്രൂരമായി മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് കാലടി, കൊറ്റമം, കൈപ്പട്ടൂര്‍, പിരാരൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ആളുകള്‍ അങ്കമാലിയിലെത്തി. പൊതുയോഗത്തിനു ശേഷം ടൗണ്‍ ചുറ്റി ജാഥ നടത്തി പിരിയാനായിരുന്നു തീരുമാനം.
എന്നാല്‍ പോലീസ് സ്റ്റേഷന് ആക്രമണത്തിനുള്ള പരിപാടിയാണിതെന്നു കരുതി ജാഥ പോലീസ് തടഞ്ഞു. ഒരു പ്രകോപനവുമില്ലാതെ ലാത്തിവീശി. പിന്തിരിഞ്ഞോടിയ സമരക്കാരെ പോലീസ് പിന്നാലെയെത്തി വെടിവയ്ക്കുകയായിരുന്നു. ഏഴു പേര് സംഭവസ്ഥലത്തു വെടിയേറ്റു മരിച്ചു വീണു. അന്‍പതോളം പേര്‍ക്കു പരിക്കേറ്റു.
നിരപരാധികളെ പോലീസ് വെടിവച്ചു വീഴ്ത്തിയ വാര്‍ത്ത നാടിനെ നടുക്കി. സംഭവം അറിഞ്ഞവരെല്ലാം അങ്കമാലിയിലേക്ക് ഒഴുകിയെത്തിയതും ഗർവാസിസ് ഓർമിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 13നു മുടങ്ങാതെ കല്ലറയ്ക്കു മുന്നിലെത്തി അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെന്നും ഗർവാസിസ് പറഞ്ഞു.
പഴയ അങ്കമാലി പഞ്ചായത്തിന്റെ പ്രസിഡന്റ്, നഗരസഭാ ചെയര്മാന്, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം, മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിലേക്കു നയിച്ച വിമോചന സമരത്തിലെ സുപ്രധാന അധ്യായമാണ് അങ്കമാലിയിലെ വെടിവയ്പ്. 1959 ജൂലൈ 30ന് ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ടതും ചരിത്രം.
വെടിവയ്പിൽ കൊല്ലപ്പെട്ടത് ഇവർ
കൈപ്പട്ടൂര്‍ മാടശേരി ദേവസി, കൈപ്പട്ടൂര്‍ കോച്ചാപ്പിള്ളി പാപ്പച്ചന്, മറ്റൂര്‍ ചെമ്പിശേരി കൂട്ടാല വറീത്, മറ്റൂര്‍ കൊഴുക്കട്ട പുതുശേരി പൗലോ, കൊറ്റമം മുക്കടപ്പള്ളന്‍ വറീത്, മറ്റൂര്‍ കുര്യപ്പറമ്പന്‍ വറീത്, കൊറ്റമം കോലഞ്ചേരി പൗലോസ് എന്നിവരാണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.
മരിച്ച എല്ലാവരെയും ഒരേ സ്ഥലത്ത് സംസ്കരിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് അന്നത്തെ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പാറേക്കാട്ടിലാണ്.
അങ്ങനെ അങ്കമാലി പള്ളി സെമിത്തേരിയില്‍ ഏഴു പേര്‍ക്കുമായി കല്ലറ ഒരുങ്ങി. മാര്പാറേക്കാട്ടിലിന്റെ കാര്‍മികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍.