മഹാപ്രളയത്തിന് 100 വയസ്
നിഗേഷ് ഐസക്
Monday, July 15, 2024 3:38 AM IST
മൂന്നാർ: മൂന്നാറിനെ മുക്കിയ പ്രളയത്തിന്റെ ഓർമകൾക്ക് നൂറു വർഷം. 1924 ജൂലൈ 15 മുതൽ തുടർച്ചയായി നാലു ദിവസങ്ങൾ പെയ്ത ശക്തമായ മഴയെത്തുടർന്നായിരുന്നു മൂന്നാർ പ്രളയത്തിൽ മുങ്ങിയത്. മലയാള വർഷം 1099 ആയതിനാൽ 99ലെ പ്രളയം എന്ന് ഓർമിക്കുന്ന ആ ദുരന്തത്തിനു ശേഷം സമാനതകൾ ഇല്ലാത്ത വിധം മൂന്നാർ ഉയിർത്തെഴുന്നേറ്റതും ചരിത്രം. വീണ്ടം 2018ലെ പ്രളയത്തിൽ മൂന്നാർ മുങ്ങിയതും ചരിത്രമായി.
1924ലെ പ്രളയത്തിനു കാരണമായ മഴയുടെ തുടക്കം 15നായിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മഴ തീവ്രഭാവം പൂണ്ടു. 16 മുതൽ 19 വരെയുള്ള ദിവസങ്ങളിലായി 1157 മില്ലിമീറ്റർ മഴയാണ് മൂന്നാറിനു മീതേ പെയ്തിറങ്ങിയത്.
19ന് മഴയ്ക്കു ശമനമുണ്ടായെങ്കിലും അവസാന 24 മണിക്കൂറിനുള്ളിൽ 897 മില്ലി മീറ്റർ ആയിരുന്നു മഴയുടെ തോത്. ഇംഗ്ലീഷുകാർ മൂന്നാറിനെ തേയില വ്യവസായത്തിനായി പ്രകൃതിരമണീയമായി പരുവപ്പെടുത്തി വരുന്നതിനിടയിലായിരുന്നു ദുരന്തമഴ.
24 കിലോമീറ്റർ റെയിൽപാളം ഒഴുകിപ്പോയി
മൂന്നാറിന്റെ പ്രതാപമായിരുന്ന 24 കിലോമീറ്റർ റെയിൽവേപ്പാളങ്ങൾ ഒഴുകിപ്പോയി. മോണോ റെയിലും കുണ്ടളവാലി റെയിലും പുനർനിർമിക്കാൻ കഴിയാത്തത് മൂന്നാറിന്റെ നഷ്ടമായി അവശേഷിക്കുന്നു. കാലവർഷക്കെടുതികളിൽ 110 പേർ മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും മരണസംഖ്യ അതിനു മുകളിലായിരുന്നു.