താലൂക്ക് ആശുപത്രിയിൽ യുവതിക്കു പാന്പുകടിയേറ്റു
Thursday, July 18, 2024 1:55 AM IST
ചിറ്റൂർ: പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിക്കു പാമ്പുകടിയേറ്റു. ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലായിരുന്നു സംഭവം.
പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രി(25)ക്കാണ് കൈയില്‍ പാമ്പുകടിയേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായത്രി ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് ഗായത്രിയുടെ മകളെ പനിയെതുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അതിനിടെ രാവിലെ മൂത്രം പരിശോധിക്കാൻ ആവശ്യപ്പെട്ടു. തറയിൽ മൂത്രംവീണതു തുടയ്ക്കാൻ ചൂലെടുക്കുന്നതിനിടെയാണു ഗായത്രിയുടെ കൈയിൽ പാമ്പ് കടിച്ചത്.
താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിട്ടുണ്ട്. ഏതു പാമ്പാണു കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കെട്ടുവരയന് (വെള്ളിക്കെട്ടൻ) എന്ന പാമ്പാണു കടിച്ചതെന്നു ഗായത്രിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
സ്ത്രീകളുടെ വാർഡിലെ ദുരവസ്ഥ സംബന്ധിച്ച് ദീപിക കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും രോഗികളിൽ പലരും പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഘെരാവോ ചെയ്തു. ഇതിനിടെ, ആശുപത്രിയിലെ അനാസ്ഥയല്ലെന്നു പറഞ്ഞു ചിറ്റൂർ - തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത രംഗത്തെത്തിയതു കൂടുതൽ പ്രതിഷേധങ്ങൾക്കിടയാക്കി.
ആശുപത്രി അധികൃതർക്കെതിരേയും വ്യാപക പ്രതിഷേധമുണ്ടായി. കോടികൾ ചെലവിട്ടു നിർമിച്ച താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്താതെ കിടക്കുന്പോഴാണ് തീരാദുരിതംപേറി രോഗികൾ പഴയ കെട്ടിടങ്ങളിൽ കഴിയുന്നത്.