ഇവരുടെ പ്രൊഫൈലുകളും ഡിപിയും നോക്കുമ്പോള്‍ത്തന്നെ ഇരയുടെ ഏകദേശ സ്വഭാവം പിടികിട്ടാനുള്ള പരിശീലനങ്ങള്‍ ജീവനക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ പരിചിതത്വം തോന്നിക്കും വിധത്തിലുള്ള സന്ദേശമയയ്ക്കും. രണ്ടു ദിവസം കാത്തിട്ടും പ്രതികരണമില്ലെങ്കില്‍ ആളുമാറിയതാണെന്ന ക്ഷമാപണവും അയയ്ക്കും. സുന്ദരികളുടെ പ്രൊഫൈല്‍ ചിത്രം ചേര്‍ത്തുള്ള ഇ-മെസേജിന് ചിലപ്പോൾ പ്രതികരണമുണ്ടാകും.
പിന്നീട് മാന്യതയോടെയുള്ള സംസാരമാണ്. ഇതിലൂടെ ആളെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നീട് സംസാരം ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറും. സംസാരത്തിനിടെ, കൂടുതല്‍ ലാഭം കിട്ടുന്ന ബിസിനസിലൂടെ താന്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വിവരം കൈമാറുന്നതോടെ തട്ടിപ്പിന്റെ വാതില്‍ തുറക്കുകയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന യുവതീ-യുവാക്കള്‍ക്ക് മാസവേതനം കൂടാതെ ഇരകളെ പിടികൂടുന്നതിന് ആകര്‍ഷകമായ കമ്മീഷനുമുണ്ട്. അതിനാല്‍ ഇരയെ കുടുക്കാന്‍ ഏതറ്റംവരെ പോകാനും ഇവര്‍ക്ക് മടിയില്ല.
കെണികളായി ടാസ്കുകൾ ടാസ്കുകള് കെണികളാക്കിയും ഇവര്‍ പണംവാരുന്നു. വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ പണമുണ്ടാക്കാമെന്ന പരസ്യങ്ങൾ പ്രധാനമായും കംബോഡിയയില്നിന്നാണ്. കമ്പനിയുടെ വിദഗ്ധന്മാരാണ് ഇതിനായി ടാസ്കുകള് തയാറാക്കുന്നത്.
ടാസ്കുകളിലേര്പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ജോലിയും ഇവരുടേതാണ്. ഇതിനായി തയാറാക്കുന്ന സൈറ്റുകള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ പോലീസിന്റെ സൈബര്‍ വിദഗ്ധര്‍ക്കുപോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരായ വ്യക്തികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാനാകും. എന്നാല്‍, ഓണ്‍ലൈനായുള്ള തട്ടിപ്പിന്റെ അങ്ങേയറ്റം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്.
ദൃശ്യങ്ങൾ നിർമിച്ച് ഹണിട്രാപ്പ് ഹണിട്രാപ്പാണ് ലൈംഗിക സംസാരത്തില്‍ വീഴുന്നവരെ കുടുക്കുന്നതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. കമ്പനിയിലെ കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ ഇരയും പ്രൊഫൈല്‍ ചിത്രത്തിലുള്ളയാളും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ദൃശ്യങ്ങളുണ്ടാക്കിയാണു കെണിയൊരുക്കുന്നത്. മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നല്കിയാലും രക്ഷയുണ്ടാകില്ല. ഇടയ്ക്കിടെ ഇരയെ വേട്ടയാടുന്നതിലൂടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകും. ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു തലപ്പടം മാത്രമെടുത്ത് ഫോളോവേഴ്സിനെ ഒഴിവാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും ഇവര്‍ തട്ടിപ്പ് നടത്തുന്നു.
കംബോഡിയയിലെ തട്ടിപ്പുകേന്ദ്രങ്ങളില്‍ എങ്ങനെയൊക്കെ പണം തട്ടിയെടുക്കാമെന്ന ഗവേഷണങ്ങളാണു നടക്കുന്നതെന്നു യുവാവ് വെളിപ്പെടുത്തുന്നു. നരകയാതനയനുഭവിച്ച് ഒടുവില്‍ ഒരു ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരനായ തലശേരി സ്വദേശിയുടെ സഹായത്താലാണ് യുവാവ് നാട്ടിൽ തിരിച്ചത്തിയത്.