എഡിജിപിക്കെതിരേയുള്ള ആരോപണം: ഡിജിപിയുടെ റിപ്പോർട്ട് തയാറായി
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് തയാറായതായി സൂചന. ഇന്നോ നാളെയോ ഡിജിപി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചേക്കും.
ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യത്തിൽ ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് താത്കാലികമായി ഒഴിവാക്കി നിർത്തി, സിപിഐയുടെ ആവശ്യം അംഗീകരിച്ചതായി വരുത്തുന്നതും ആലോചനയുണ്ട്. ഇന്നത്തെ പതിവു മന്ത്രിസഭായോഗം നാളത്തേക്കു മാറ്റിയിട്ടുണ്ട്. നാളത്തെ മന്ത്രിസഭയിലും ഡിജിപിയുടെ റിപ്പോർട്ട് സിപിഐ അംഗങ്ങൾ ചർച്ചയാക്കാൻ സാധ്യതയുണ്ട്.
സ്വർണക്കടത്തു കേസിൽ അടക്കം എഡിജിപി അടക്കമുള്ളവരെ വെള്ളപൂശി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയ സാഹചര്യത്തിൽ ഇത്തരം വിശദീകരണങ്ങളാകും ഡിജിപിയുടെ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുള്ളതാണെന്നാണു വിവരം. വെള്ളിയാഴ്ച നിയമസഭാ സമ്മേളനവും ആരംഭിക്കുന്നു.