ദീപിക എന്നും ജനപക്ഷ പത്രം: മന്ത്രി റോഷി അഗസ്റ്റിൻ
Tuesday, October 15, 2024 1:29 AM IST
കോട്ടയം: എക്കാലവും ജനപക്ഷത്തുനിൽക്കുന്ന പത്രമാണ് ദീപികയെന്ന് മന്ത്രി റോഷി അഗസറ്റിൻ. ദീപിക ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന സമ്മേളനം കോട്ടയം റോട്ടറി ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മലയോര കർഷകരുടെ പ്രശ്നം, വന്യമൃഗാക്രമണം, പട്ടയവിഷയം, മുല്ലപ്പെരിയാർ വിഷയം തുടങ്ങി ജനങ്ങളുടെ നീറുന്നപ്രശ്നങ്ങളിൽ ദീപിക മുഖം നോക്കാതെ വാദിക്കുന്നു. മാധ്യമമേഖലയും മാധ്യമപ്രവര്‍ത്തകരും വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതികള്‍ അവിഷ്കരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന് അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. യൂണിയൻ ആരംഭിക്കുന്ന കാരുണ്യപദ്ധതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, അഡ്വ. റോയി വാരികാട്ട്, ഫാ. സോണി മുണ്ടുനടയ്ക്കൽ, കോട്ടയം പ്രസ്ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന പ്രസിഡന്റ് ജോണ്സണ് വേങ്ങത്തടം, ജനറല്‍ സെക്രട്ടറി സന്ദീപ് സലിം, ട്രഷറര്‍ അനീഷ് ആലക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.