മൊഴികളില്‍ കേസെടുക്കാം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഹൈക്കോടതി
Tuesday, October 15, 2024 2:06 AM IST
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളില്‍ കേസെടുക്കാവുന്നവയുണ്ടെന്നു ഹൈക്കോടതി.
ഇവ പ്രഥമ വിവരങ്ങളായി കണക്കാക്കി അന്വേഷിക്കണമെന്നു പ്രത്യേക പോലീസ് സംഘത്തിനു കോടതി നിര്‍ദേശം നല്കി. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണു പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.
കേസെടുത്ത ശേഷം ഇരകളെ സമീപിച്ചു മൊഴി രേഖപ്പെടുത്താം. മൊഴി നല്കാന് ആരെയും നിര്‍ബന്ധിക്കരുത്. പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെങ്കില്‍ അത് രേഖപ്പെടുത്തണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. പരാതികളില്‍ വസ്തുതയുണ്ടോയെന്നു പരിശോധിക്കണം.
വസ്തുതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വസ്തുതയില്ലെങ്കില്‍ റഫര്‍ റിപ്പോര്‍ട്ട് നല്കി നടപടികള്‍ അവസാനിപ്പിക്കണം.
മൊഴി നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. മൊഴിയിലും എഫ്ഐആറിലും അതിജീവിതയുടെ പേരുവിവരങ്ങള്‍ മറയ്ക്കണം. എഫ്ഐആര്‍ അടക്കം സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാനോ പരസ്യമാക്കാനോ പാടില്ല.
പകര്‍പ്പ് ഇരകള്‍ക്കു മാത്രമേ ആദ്യം പോലീസ് കൈമാറാവൂ. പ്രതിഭാഗത്തിന് അന്തിമ റിപ്പോര്‍ട്ട് നല്കുമ്പോള് മാത്രമേ പരാതിക്കാരുടെ മൊഴിപ്പകര്‍പ്പ് നല്‍കേണ്ടതുള്ളൂവെന്നും ഉത്തരവിലുണ്ട്.
ലഹരി ഉപയോഗം പ്രത്യേക സംഘം അന്വേഷിക്കണം
സിനിമാമേഖലയിലെ ലഹരി ഉപയോഗം പ്രത്യേക സംഘം അന്വേഷിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി വേണം. ഭാവിയിലും പരിശോധനകള്‍ നടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും ഇതിനെ എതിര്‍ത്തുമുള്ള ഒരു കൂട്ടം ഹര്‍ജികളാണു പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. ഹര്‍ജിക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സമഗ്രമായ മറുപടി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 28ന് വീണ്ടും ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കെത്തും.