പൊതുമേഖലാ ഓഹരിവിറ്റഴിക്കല് വിഹിതവും സംസ്ഥാനങ്ങൾക്കു വേണമെന്ന് കേരളം
Wednesday, December 11, 2024 1:23 AM IST
തിരുവനന്തപുരം: പൊതുമേഖലാ കന്പനികളുടെ ഓഹരി വിറ്റഴിക്കൽ അടക്കമുള്ള കേന്ദ്ര നികുതി ഇതര വരുമാനത്തിന്റെ വിഹിതവും സംസ്ഥാനങ്ങളുമായി പങ്കിടണമെന്നു കേരളത്തിലെത്തിയ 16-ാം ധനകാര്യ കമ്മീഷനോടു കേരളം.
പൊതുമേഖലാ കന്പനികളുടെ ലാഭ വിഹിതം, സ്പെക്്ട്രം വില്പന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ വർഷംതോറും കേന്ദ്രത്തിനു ലഭിക്കുന്ന നികുതിയിതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധനവിഭവങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഇതിനായി ഭരണഘടനാ ഭേദഗതി അടിയന്തരമായി നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും കേരളം നൽകിയ മെമ്മോറാണ്ടത്തിൽ നിർദേശിച്ചു.
എന്നാൽ, നികുതി ഇതര വരുമാനവും സെസും സംസ്ഥാനങ്ങളുമായി പങ്കിടാൻ തുടങ്ങിയാൽ കേന്ദ്ര സർക്കാരിനും പ്രവർത്തിക്കേണ്ടേയന്നു ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ. അരവിന്ദ് പനഗാരിയ പത്രസമ്മേളനത്തിൽ ചോദിച്ചു.
സംസ്ഥാനങ്ങളുമായി വിഭജിക്കാവുന്ന വരുമാനത്തിന്റെ 32 ശതമാനമായിരുന്നു നേരത്തേ സംസ്ഥാനങ്ങൾക്കു നൽകിയിരുന്നത്. 68 ശതമാനം കേന്ദ്രസർക്കാരിനായിരുന്നു. സംസ്ഥാനങ്ങളുടെ സമ്മർദത്തിന് ഒനൊടുവിൽ ഇത് 41 ശതമാനമാക്കി ഉയർത്തി. കേന്ദ്രത്തിന് 59 ശതമാനം തുക മാത്രമേ ലഭിക്കുകയുള്ളൂ.
ഇതിലെ കുറവു പരിഹരിക്കാനാണു സെസ് തുക ഉയർത്തുന്നത് അടക്കമുള്ള മാർഗങ്ങൾ സ്വീകരിച്ചത്. ഇതിൽനിന്നു വേണമെന്നു പറഞ്ഞാൽ കേന്ദ്രത്തിനും പ്രവർത്തിക്കേണ്ടേയന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അദ്ദേഹം ചോദിച്ചു.
എങ്കിലും കേന്ദ്ര സർക്കാരിനു സമർപ്പിക്കാനുള്ള ധനകമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്പോൾ ഇക്കാര്യവും ഉൾപ്പെടുത്തുമെന്നും നീതി ആയോഗ് മുൻ വൈസ് ചെയർമാൻകൂടിയായ ഡോ. അരവിന്ദ് പനഗാരിയ പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിലെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിനുള്ള ഫണ്ട് അനുവദിക്കണം.
കേന്ദ്രനികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം പരിഹരിക്കണം. സംസ്ഥാനങ്ങൾക്ക് കേന്ദ്ര നികുതി വിഹിതത്തിൽ വലിയ കുറവുണ്ടായി. നികുതിക്കു പകരമായി കേന്ദ്രം സെസും സർചാർജും സമാഹരിക്കാൻ തുടങ്ങി. ജിഎസ്ടിയിലൂടെ സംസ്ഥാനം സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി.
ഇതെല്ലാം സംസ്ഥാനങ്ങൾക്കു വലിയ വരുമാന നഷ്ടമുണ്ടാക്കി. ഇതു പരിഹരിക്കാൻ വിഭജിക്കാവുന്ന കേന്ദ്രനികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കണം. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത സാചര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. ഗ്രാന്റുകൾ അനുവദിക്കുന്പോൾ വലിയ റവന്യു നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് ഇതു പരിഹരിക്കാൻ മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണം.
2011ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമ്മീഷൻ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കി. ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് ചെയ്തത്.
കേന്ദ്രവരുമാനത്തിന്റെ നിശ്ചിത ഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും വേണം
കേന്ദ്രവരുമാനത്തിന്റെ ഒരു ഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മാത്രമായി നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ധനകാര്യ കമ്മീഷനു നൽകിയ നിവേദനത്തിൽ കേരളം ചൂണ്ടിക്കാട്ടി.
അതിവേഗ നഗരവത്കരണ സാഹചര്യത്തിൽ ധനവിഭവ വിഭജന മാനദണ്ഡങ്ങളിൽ ജനസാന്ദ്രതയ്ക്കും ഭൂവിസ്തൃതിക്കുമൊപ്പം നഗരവത്കരണത്തിനും വെയിറ്റേജ് നൽകണമെന്നും നിർദേശത്തിലുണ്ട്.