കാറുകളുടെ മത്സരയോട്ടം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് ദാരുണാന്ത്യം
Wednesday, December 11, 2024 1:42 AM IST
കോഴിക്കോട്: സ്വകാര്യ കമ്പനിയുടെ ബിസിനസ് പ്രമോഷനുവേണ്ടി ആഡംബര കാറുകളുപയോഗിച്ചുള്ള മത്സരയോട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വീഡിയോഗ്രാഫറായ യുവാവിന് ദാരുണാന്ത്യം.
വടകര തണ്ണീര്‍പ്പന്തല്‍ കടമേരി ആര്‍എസി ഹൈസ്കൂളിനു സമീപം വേളത്ത് താഴെകുനി നെടുഞ്ചാലില്‍ സുരേഷിന്റെയും സുമയുടെയും ഏക മകന് ടി.കെ. ആല്വിന് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം.
ബെന്‍സ്, ഡിഫന്‍ഡര്‍ വാഹനങ്ങളാണ് റീല്‍സ് ചിത്രീകരണത്തിനുപയോഗിച്ചത്. ഒരേ ദിശയില്‍നിന്നു ചീറിപ്പാഞ്ഞുവന്ന കാറുകളുടെ ദൃശ്യം റോഡിന്റെ നടുക്കു നിന്നാണ് ആല്വിന് ചിത്രീകരിച്ചുകൊണ്ടിരുന്നത്.
നല്ല വേഗത്തിലായിരുന്ന ഡിഫന്‍ഡര്‍ വാഹനം ആല്‍വിനെ ഇടിച്ചു തെറിപ്പിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇടിച്ച വാഹനത്തില്‍ത്തന്നെ ആല്‍വിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഉച്ചയോടെ ആല്വിന് മരിച്ചു. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ കടയിലെ സിസി ടിവി കാമറയില്‍ അപകടദൃശ്യമുണ്ട്.
കെഎല്‍ 10 ബി.കെ 0001 ഡിഫന്‍ഡര്‍ കാറാണ് അപകടമുണ്ടാക്കിയത്. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകട കാരണമെന്ന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ടു വാഹനങ്ങളും ഓടിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
സിനിമറ്റോഗ്രാഫറായ ആല്വിന് മുന്‍പും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള റീല്‍സുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ഗള്‍ഫിലായിരുന്ന ആല്വിന് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
രണ്ടു വര്‍ഷം മുമ്പ് വൃക്ക രോഗത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആറു മാസം കൂടുമ്പോഴുള്ള മെഡിക്കല്‍ ചെക്കപ്പിനായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് വീഡിയോ ചിത്രീകരണത്തിനിടെ അപകടമുണ്ടായത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. അപകടസ്ഥലം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സ്ഥിരമായി ആളുകള്‍ റീല്‍സ് ചിത്രീകരിക്കുന്ന സ്ഥലമാണ് വെള്ളയില്‍ ബീച്ച് റോഡ്.