ടോള്‍ വേണ്ടെന്ന പഴയ നിലപാടില്‍ ഉറച്ചുനില്ക്കാനാവില്ല: തോമസ് ഐസക്
Friday, February 7, 2025 4:26 AM IST
തിരുവനന്തപുരം: ടോള്‍ വേണ്ടെന്ന പഴയ നിലപാടില്‍ ഉറച്ചു നില്ക്കാനാവില്ലെന്നു മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. കാലം മാറി.
കടമെടുപ്പ് പരിധിയില്‍ അടക്കം കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ ടോള്‍ അടക്കം കിഫ്ബി പദ്ധതികളില്‍ വരുമാനമുണ്ടാക്കലേ വഴിയുള്ളൂ. ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കില്‍ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണം. ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തന മാതൃകയില്‍ മാറ്റം വരുത്തുന്നതിനു സര്‍ക്കാര്‍ പരിഗണനയിലുള്ള ടോള്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ പകല്‍കൊള്ളയാണെന്നും സര്‍ക്കാരിന് പുതിയ വരുമാനം കണ്ടെത്താനുള്ള ശ്രമമാണെന്നുമുള്ള യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്. വികസനമുന്നേറ്റത്തെ തകര്‍ക്കുന്നതിനുള്ള കുത്സിത നീക്കം മാത്രമാണിത്.
വായ്പയെടുത്ത് ദേശീയപാത പണിയുന്ന സ്ഥാപനമാണല്ലോ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹൈവേ അഥോറിറ്റി. എന്തുകൊണ്ട് എന്‍എച്ച്എഐയുടെ വായ്പയെ കേന്ദ്രസര്‍ക്കാരിന്റെ കടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യം ഞാനുയര്‍ത്തിയപ്പോള്‍ എന്‍എച്ച്എഐ ടോള്‍ വഴിയും വരുമാനം സമാഹരിക്കുന്നുണ്ട് എന്നാല്‍ കിഫ്ബി അത് ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷനേതാവ് നല്കിയ മറുപടി.
അങ്ങിനെ ടോള്‍ മോഡല്‍ ഉയര്‍ത്തിപ്പിടിച്ചവരാണ് യുഡിഎഫ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നടപ്പാക്കിയത് ഈ മാതൃകയാണെന്നും തോമസ് ഐസക് പറഞ്ഞു.