ഇഎംഎസ് സ്മൃതി സെമിനാർ വെള്ളിയാഴ്ച തുടങ്ങും
Wednesday, June 11, 2025 1:56 AM IST
തൃശൂർ: ഇഎംഎസ് സ്മൃതി ദേശീയസെമിനാർ 13, 14 തീയതികളിൽ റീജണൽ തിയറ്ററിൽ നടക്കും. ‘മാറുന്ന ലോകവും കേരളവു’മെന്ന വിഷയത്തിൽ സെമിനാർ 13നു രാവിലെ 9.30ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. സീതാറാം യെച്ചൂരി സ്മരണിക ചടങ്ങിൽ പ്രകാശിപ്പിക്കും.
കോസ്റ്റ്ഫോർഡ്, വിവിധ വർഗ ബഹുജന സംഘടനകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ ഏഴു സെഷനുകളിലായാണ്. പ്രകാശ് കാരാട്ട്, യു. വാസുകി, ഡോ. തോമസ് ഐസക്, ഡോ. കെ.പി. അരവിന്ദൻ, ഡോ. അൻവർ സാദത്ത്, ഡോ. സംഗീത ചേനംപുല്ലി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
വൈകിട്ട് നാലിന് ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള സെഷനിൽ മന്ത്രി ആർ. ബിന്ദു പ്രസംഗിക്കും. പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. ജിജു പി. അലക്സ്, ഡോ. ടി.എസ്. ശ്യാംകുമാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
14നു രാവിലെ 9.45നു പ്രഭാത് പട്നായിക്, ഡോ. എസ്. അഭിലാഷ്, എ. വിജയരാഘവൻ, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്കു രണ്ടിന് ‘ഇടതുപക്ഷവും മതനിരപേക്ഷകേരളവും’ എന്ന വിഷയത്തിലെ സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, ഡോ. സുനിൽ പി. ഇളയിടം എന്നിവർ സംസാരിക്കും. സെമിനാറിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 750 രൂപയാണ് ഫീസ്.
വാർത്താസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ഡോ. എം.എൻ. സുധാകരൻ, എ. സിയാവുദീൻ, എ.വി. ജഗന്നിവാസ് എന്നിവർ പങ്കെടുത്തു.