നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്
Wednesday, June 11, 2025 1:56 AM IST
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും തീവ്രമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശനിയാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നു മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.