തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്
Wednesday, June 11, 2025 1:56 AM IST
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി പ്രിയങ്ക ഗാന്ധി എംപിക്ക് നോട്ടീസയച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു നോട്ടീസയച്ചത്.
ഒരുമാസത്തിനുള്ളില്‍ പ്രിയങ്ക മറുപടി നല്‍കാനാണു നിര്‍ദേശം. സ്ഥാനാര്‍ഥിയുടെയും ബന്ധുക്കളുടെയും സ്വത്തുവിവരം മറച്ചുവച്ചാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ആസ്തിവിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം നല്കിയതെന്നാരോപിച്ചാണു ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം നിലനില്‍ക്കുന്നതല്ല. അതിനാല്‍, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.