ഗ്രാൻഡ്മാസ്റ്റർ ക്ലാഷ്
Tuesday, November 23, 2021 11:30 PM IST
ചെസ് ലോകത്തെ രാജാവിനെ നിർണയിക്കുന്ന ഗ്രാൻഡ്മാസ്റ്റർ ക്ലാസ് പോരാട്ടത്തിന് ഇന്നു ദുബായിൽ തിരിതെളിയും. ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടത്തിനായി നിലവിലെ ചാന്പ്യൻ നോർവെയുടെ മാഗ്നസ് കാൾസനും കാൻഡിഡേറ്റ് ടൂർണമെന്റ് ജയിച്ചെത്തിയ റഷ്യയുടെ ഇയാൻ നിപോംനിഷിയും തമ്മിൽ കൊന്പുകോർക്കും.
ലോക ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്നാണെങ്കിലും വെള്ളിയാഴ്ചയാണു ചെസ് ബോർഡിൽ കരുക്കളുടെ ഏറ്റുമുട്ടൽ ആരംഭിക്കുക. ഈ മാസം 30ന് 31 വയസ് പൂർത്തിയാകുന്ന കാൾസനും നിലവിൽ 31 വയസിൽ ഓടിക്കൊണ്ടിരിക്കുന്ന നിപോംനിഷിയും തമ്മിലുള്ള പോരാട്ടം സമപ്രായക്കാരുടെ കൊന്പുകോർക്കലായും വിശേഷിപ്പിക്കപ്പെടുന്നു. നിലവിലെ ലോക ഒന്നാം നന്പർ താരമാണു കാൾസണ്, ഇയാൻ അഞ്ചാം റാങ്കുകാരനും.
ലക്ഷ്യം അഞ്ചാം കിരീടം
അഞ്ചാം ലോക കിരീടം ലക്ഷ്യമിട്ടാണു കാൾസണ് കരുക്കൾ നീക്കുക. 2013ൽ, അന്ന് നിലവിലെ ചാന്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദിനെ ചലഞ്ചറായെത്തി കീഴടക്കിയാണു കാൾസണ് ആദ്യ കിരീടം സ്വന്തമാക്കിയത്. തുടർന്ന് 2014ൽ ആനന്ദിനെ രണ്ടാം വട്ടവും കീഴടക്കി കിരീടം നിലനിർത്തി. 2016ൽ സെർജി കാർജകിനെയും 2018ൽ ഫാബിയാനൊ കരുവാനയെയും കീഴടക്കി ലോക കിരീടം കൈവിടാതെ കാത്തു.
കഴിഞ്ഞവർഷം നടക്കേണ്ട ചാന്പ്യൻഷിപ്പ് കോവിഡ് കാരണമാണ് ഈ വർഷത്തേക്കു നീട്ടിയത്. മുന്പത്തേതിൽനിന്നു വ്യത്യസ്തമായി, 12 ഗെയിമുകൾക്കു പകരം ഇത്തവണ 14 ഗെയിമുണ്ടാവും. ആദ്യം 7.5 പോയന്റ് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.
പോയന്റിൽ തുല്യത പാലിച്ചാൽ ടൈബ്രേക്ക് ഡിസംബർ 15 നടക്കും. ടൈബ്രേക്കറില്ലെങ്കിൽ ഡിസംബർ 15നു സമാപനം. ടൈബ്രേക്കറുണ്ടെങ്കിൽ ഡിസംബർ 16നായിരിക്കും ക്ലോസിംഗ് സെറിമണി.
മാസ്റ്റർ ഇയാൻ
ക്ലാസിക്കൽ രീതിയിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ 13 മത്സരങ്ങൾ കളിച്ചതിൽ 4-1ന് ഇയാനാണ് മുന്നിൽ. കാൾസണ് വിജയിക്കാനായത് ഒന്നിൽ മാത്രം. എട്ടെണ്ണം സമനിലയിൽ അവസാനിച്ചു. റാപ്പിഡ്, ബ്ലിറ്റ്സ്, എക്സിബിഷൻ എന്നിങ്ങനെ നടന്ന പോരാട്ടങ്ങളിൽ 22-10ന് കാൾസണ് ആണു മുന്നിൽ.
യൂത്ത് ചാന്പ്യൻഷിപ്പുകളിൽ മൂന്നുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടു വിജയം ഇയാൻ സ്വന്തമാക്കി. റഷ്യക്ക് ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയുടെ ഉപരോധമുള്ളതിനാൽ ഫിഡെയുടെ പതാകയ്ക്കു കീഴിലാണ് ഇയാൻ മത്സരിക്കുന്നത്.