അപകടഭീഷണി ഉയർത്തിയ ആഞ്ഞിലി മരം മുറിച്ചുമാറ്റും
1264368
Thursday, February 2, 2023 11:43 PM IST
വെള്ളറട: അമരവിള കാരക്കോണം റോഡില്‍ കൂനമ്പന കവലയ്ക്കു സമീപം അപകടവസ്ഥയില്നിന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റുവാന്‍ ഉത്തരവിട്ട ജില്ലാ ഭരണകൂടത്തെ കുന്നത്തുകാല്‍ ജനകീയ വികസന കൂട്ടായ്മ അഭിനന്ദിച്ചു.
പതിറ്റാണ്ടുകള്‍ പഴക്കംചെന്ന ഉണങ്ങിയ മരത്തിന്റെ ജീര്‍ണിച്ച ഭാഗങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണി ഉയർത്തുന്നതു ചൂണ്ടികാണിച്ചു പൊതുപ്രവര്ത്തകന് റോബിന് പ്ലാവിള ജില്ലാ കളക്ടർക്കു പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ പൊതുമരാമത്ത് ലേല നടപടികളുമായി മുന്നോട്ടുപോയെങ്കിലും ആരും പങ്കെടുത്തില്ല.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രനും ജില്ലാ കളക്ടറോട് അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മരം മുറിക്കുവാനുള്ള ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടികാണിച്ചു ഉത്തരവ് നടപ്പിലാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയത് പൊതുപ്രവര്‍ത്തകര്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നു ജില്ലാ കളക്ടര്‍ അടിയന്തരമായി ഉത്തരവ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. പൊതുജനഭീഷണിയായി നിന്ന മരം മുറിക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ നാട്ടുകാർ നന്ദിയറിയിച്ചു.