കഞ്ചാവ് വേട്ടയ്ക്കിറങ്ങിയ വാമനപുരം എക്സൈസ് സംഘത്തിനു കടന്നൽ കുത്തേറ്റു
1281936
Wednesday, March 29, 2023 12:16 AM IST
വെഞ്ഞാറമൂട് : കഞ്ചാവ് കച്ചവടക്കാരെ പിടിക്കാനെത്തിയ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘത്തിനും കടന്നൽ കുത്തേറ്റു. മുതുവിള അരുവിപ്പുറം പാലത്തിനു സമീപം കഞ്ചാവ് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് അരിവിപ്പുറം പാലത്തിനു സമീപം പരിശോധന നടത്തുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്.
എക്സൈസ് സംഘം അരുവിപ്പുറം പാലത്തിന് സമീപം എത്തിയപ്പോൾ അവിടെ അഞ്ചോളം ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് സംശയം തോന്നി എക്സൈഡ് ജീപ്പ് നിറുത്തി ഇൻസ്പെക്ടറും സംഘവും പുറത്തിറങ്ങി പാലത്തിന് അടിഭാഗത്തേക്ക് പരിശോധന നടത്താൻ പോകുമ്പോഴാണ് കടന്നൽ ആക്രമണം ഉണ്ടായത്. എക്സൈസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തുനിന്നും റോഡിൽ കയറി ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു.
ജീപ്പിനുള്ളിലും കടന്നലുകൾ കയറിയതിനെ തുടർന്ന് ജീപ്പ് അതിവേഗം ഓടിച്ച് ഒരു കിലോമീറ്ററോളം മാറ്റിയിട്ട് അകത്തുകയറിയ കടന്നലുകളെ തല്ലിക്കൊല്ലുകയായിരുന്നു. എക്സൈസ് സംഘത്തെ കൂടാതെ അതുവഴി കടന്നുപോയ പല യാത്രക്കാർക്കും കടന്നലിന്റെ കുത്തേറ്റു. തുടർന്ന് പരിക്കേറ്റവരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.