സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുട്ടട വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയം. സിപിഎമ്മിലെ അജിത് രവീന്ദ്രൻ 203 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു വാർഡ് നിലനിർത്തി. 1228 വോട്ടാണു അജിത്തിനു ലഭിച്ചത്. 1025 വോട്ട് നേടിയ കോണ്‍ഗ്രസിലെ ആർ.ലാലനാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാർഥി എസ്.മണിക്ക് 765 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കോണ്‍ഗ്രസ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയതാണു മറ്റൊരു രാഷ്ട്രീയ പ്രത്യേകത. സിപിഎം കൗണ്‍സിലറായിരുന്ന ടി.പി.റിനോയിയുടെ മരണത്തെ തുടർന്നാണു മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. 2020 ലെ തെരഞ്ഞെടുപ്പിൽ 571 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു റിനോയ് ജയിച്ചത്. മുട്ടട വാർഡ് രൂപീകരിച്ചതു മുതൽ ഇവിടെ വിജയിച്ചിട്ടുള്ളത് എൽഡിഎഫാണ്. അജിതിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച കോർപ്പറേഷനിൽ നടക്കും.