നർമകൈരളിയുടെ ഓൾ ഇൻ ഓൾ
1339810
Monday, October 2, 2023 12:01 AM IST
നർമ സാഹിത്യകാരനും നർമകൈരളി കമ്മിറ്റി അംഗം കൃഷ്ണ പൂജപ്പുര
തിരുവനന്തപുരം: നർമ കൈരളി തുടങ്ങുന്നത് വൈകുന്നേരം കൃത്യം ആറിനായിരിക്കും. അഞ്ചരയാകുന്പോൾ തന്നെ സുകുമാർ സാർ ഹാളിലെത്തും. സാർ അല്പം താമസിച്ചു പോയാൽ ഞങ്ങൾ അംഗങ്ങൾക്കു ഉത്കണ്ഠയാണ്. കാരണം സുകുമാർ സാറിന്റെ ഹാസ്യസംഭാഷണം പ്രതീക്ഷിച്ചാണ് ജനം വരുന്നത്.
കൈയിലെ കറുത്ത ബാഗിനുള്ളിൽ നർമകൈരളിയുടെ ബാനറും കൊണ്ടാണ് സുകുമാർ സാറിന്റെ വരവ്! മരുതൻകുഴിയിലെ വീട്ടിൽ നിന്നും നടന്നാണ് മിക്കവാറും എത്തുക. വന്നാൽ ഉടൻ ബാഗിൽ ചുരുട്ടി വച്ചിരിക്കുന്ന ബാനർ എടുത്ത് വേദിയിൽ കെട്ടും പിന്നീട് മൈക്കുകൾക്കു വേണ്ട നിർദേശങ്ങൾ നല്കും.
സുകുമാർ സാർ അധ്യക്ഷനായ ചിരിയരങ്ങിനു ശേഷം ഡോ. തോമസ് മാത്യുവിന്റെയും സംഘത്തിന്റെയും നാടകം പതിവാണ്. ട്രിവാൻഡ്രം മൈമേഴ്സിന്റെ മൈമും ഉണ്ടാകുമായിരുന്നു. ഇരുവരുമായും സാർ സംസാരിക്കും.
പിന്നീട് പി.സി. സനൽകുമാർ സാർ, ജേക്കബ് സാംസണ് സാർ, സുരേശൻ ഉൾപ്പെടെ അംഗങ്ങളായവർക്കും വേണ്ട നിർദേശങ്ങളും നല്കും. (ആദ്യകാലങ്ങളിൽ ചിരിയരങ്ങിൽ വേളൂർ കൃഷ്ണൻകുട്ടി സാർ, ചെമ്മനം ചാക്കോ സാർ, സുബ്ബയ്യാപിള്ള സാർ തുടങ്ങിയ പ്രഗത്ഭർ സ്ഥിര സാന്നിധ്യമായിരുന്നു.)
കൃത്യം ആറിനു കർട്ടൻ ഉയരുന്പോൾ, നിറചിരിയോടെ, എല്ലാവർക്കും സ്വാഗതം! എന്ന സാറിന്റെ വാക്കുകൾ.... സദസിൽ നിന്നും വൻ കൈയ്യടി ഉയരുന്പോൾ സാർ നർമ സംഭാഷണത്തിലേക്കു കടക്കും. പരിപാടി കഴിയുന്പോൾ ബാനർ അഴിച്ചെടുക്കുന്നതും സുകുമാർ സാർ തന്നെയാണ്.
ഹാൾ വാടക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം നേതൃത്വം നല്കുന്നതും അദ്ദേഹം തന്നെയായിരുന്നു. നർമകൈരളി പരിപാടി കഴിയുന്പോൾ, വാ നമുക്ക് കാപ്പി കുടിക്കാം എന്ന സ്നേഹോഷ്മളമായ ക്ഷണം. വിജെടി ഹാളിൽ ആയിരുന്നു
(ഇന്നത്തെ അയ്യൻകാളി ഹാൾ) ദീർഘകാലം നർമകൈരളി പരിപാടി നടന്നിരുന്നത്. ഹാളിനടുത്തുള്ള ഹോട്ടൽ അരുണ എന്ന വെജിറ്റേറിയൻ ഹോട്ടലിലേക്കു ഞങ്ങൾ നടക്കും.
സ്റ്റാച്യുവിലെ അരുൾ ജ്യോതിയിലും പരിപാടിക്കു ശേഷം ഒത്തുകൂടുമായിരുന്നു. കാപ്പിയും വടയും കഴിക്കുന്നതിനിടയിലും സാർ എന്തെങ്കിലുമൊക്കെ നർമം പറയും. പൊട്ടിച്ചിരിക്കും. നർമമിങ്ങനെ ഇടയ്്ക്കിടെ വരുമെങ്കിലും നർമകൈരളിയുടെ നടത്തിപ്പിൽ കർശനമായ ചിട്ട സുകുമാർ സാർ പാലിച്ചിരുന്നു.
കണക്കും കാര്യങ്ങളും വളരെ കൃത്യമായിരുന്നു. സാംസ്കാരിക സമ്മേളനങ്ങളിലും മറ്റും നർമകൈരളി അംഗങ്ങൾ പങ്കെടുക്കുന്പോൾ കിട്ടുന്ന പ്രതിഫലം നർമ കൈരളി ഫണ്ടിലേക്കു ഉടനെ ചേർക്കും. നർമകൈരളിയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നത് സാറിന്റെ ഏറ്റവും വലിയ പ്രയോറിറ്റിയായിരുന്നു.
പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ അങ്ങനെ ഒന്നിന്റെയും പിന്നാലെ പക്ഷേ സുകുമാർ സാർ പോയിട്ടില്ല. ഇ.വി. കൃഷ്ണപിള്ളയ്ക്കും സഞ്ജയനും ശേഷം കേരളം കണ്ട വലിയ ഹാസ്യ പ്രതിഭയാണ് അദ്ദേഹം.
എഴുത്ത്, പ്രഭാഷണം, കാർട്ടൂണ് എന്നീ വ്യത്യസ്ത മേഖലകളിൽ ഹാസ്യം നിറച്ച സാറിനു അർഹിക്കുന്ന രീതിയിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. കാലം പക്ഷേ സുകുമാറിനെ അടയാളപ്പെടുത്തുക തന്നെ ചെയ്യും.