ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
1396648
Friday, March 1, 2024 5:50 AM IST
കാട്ടാക്കട: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട പട്ടകുളം പുന്നവിള പുത്തൻ വീട്ടിൽ (ബിനു-31)നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
2021 ഡിസംബർ 16നാണ് ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു- 25)യെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സംഭവ സമയത്ത് ബിനു പുറത്തുപോയിരിക്കുകയായിരുന്നുവെന്നും ഭർതൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് രാജലക്ഷ്മിയുടെ സഹോദരി രേഷ്മ രാജൻ കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു.
മരണംനടന്ന രാത്രിയിൽ ബിനുവിന്റെ സുഹൃത്തുക്കളാണ് രാജലക്ഷ്മിയുടെ വീട്ടുകാരെ മരണവിവരം അറിയിച്ചത്. മരിച്ചെന്നു പറയുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപും രാജലക്ഷ്മി ഫോണിൽ സന്തോഷത്തോടെ സംസാരിച്ചിരുന്നതായും സഹോദരി രേഷ്മ പോലീസിൽ മൊഴി നൽകിയിരുന്നു.
അലങ്കാര ജോലികൾ ചെയ്യുന്ന പണിയായിരുന്നു ബിനുവിന്. വിവാഹം കഴിഞ്ഞതുമുതൽ ഇരുവരും തമ്മിൽ വഴക്കും ഇതിന്റെ തുടർച്ചയെന്നോണം മർദനവും പതിവായിരുന്നുവെന്നും ആരോപണമുണ്ട്. കുട്ടികൾ വേണ്ടെന്ന നിലപാട് ബിനു സ്വീകരിച്ചതും രാജലക്ഷ്മിയെ തളർത്തിയിരുന്നുവെന്നും പറയുന്നു. ഇതേചൊല്ലിയും ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നതായും രേഷ്മ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
തുടർന്ന് കാട്ടാക്കട പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കവും മാനസിക പീഡനങ്ങളുമാണ് ആത്മഹത്യയലേയ്ക്ക് നയിച്ചതെന്നു കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കാട്ടാക്കട കോടതി പ്രതിയെ റിമാന്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ വെള്ളറട കൂതാളി രേഷ്മ ഭവനിൽ രാജന്റെ മകളാണ് രാജലക്ഷ്മി.