സമ്മോഹനം മാനവിക- സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
1577322
Sunday, July 20, 2025 6:33 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയിൽ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനപ്രിയനായി മാറിയ ഉമ്മൻ ചാണ്ടിയെ സ്വഭാവഹത്യ ചെയ്തു രാഷ്ട്രീയമായി വേട്ടയാടിയതിനു കാലം നൽകിയ കനത്ത ശിക്ഷയാണ് പിണറായി സർക്കാർ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസൻ.
നീതിമാനായ ഉമ്മൻചാണ്ടിയെ അനീതിയും അധർമവും നടത്തി അപമാനിച്ചവർക്കുള്ള കടുത്ത മറുപടിയായിരുന്നു തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ജനലക്ഷങ്ങൾ അദ്ദേഹത്തിനു നൽകിയ അന്ത്യയാത്രയെന്നും ഹസൻ അനുസ്മരിച്ചു.
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു സമ്മോഹനം മാനവിക- സൗഹൃദ കൂട്ടായ്മ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മോഹനം ചെയർമാൻ വിതുര ശശിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽ കണ്‍വീനർ പിരപ്പൻകോട് സുഭാഷ്, മുൻ സ്പീക്കർ എൻ. ശക്തൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ, കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, കന്പറ നാരായണൻ, എസ്. മനോഹരൻനായർ, ജെ.എസ്. അഖിൽ, സി.കെ. വത്സലകുമാർ, അണിയൂർ എം. പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.