വാടക കെട്ടിടങ്ങളിലേക്കു മാറി മാറി കെഎസ്ഇബി : സ്വന്തം കെട്ടിടം നിർമിക്കാൻ ഇനിയും നടപടികളായില്ല
1577710
Monday, July 21, 2025 7:07 AM IST
മാറനല്ലൂർ: വാടക കെട്ടിടങ്ങളിലേക്കു മാറി മാറി കെഎസ്ഇബി. പുതിയ കെട്ടിടത്തിലേയ്ക്ക് ഉടൻ മാറും. മാറനല്ലൂരിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് സ്ഥലം നൽകിയെങ്കിലും നടപടികളാകുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിലാണ് ഓഫീസിനു കെട്ടിടം നിർമിക്കുന്നതിനുവേണ്ടി മാറനല്ലൂർ പോലീസ് സ്റ്റേഷനു സമീപമുള്ള 10 സെന്റ് സ്ഥലം വിട്ടുനൽകുന്നതിനു തീരുമാനമെടുത്തത്.
പുതിയ ഭരണസമിതി അധികാരമേറ്റതോടെ ഇതിനുവേണ്ടിയുള്ള നടപടികളും ആരംഭിച്ചു. താലൂക്ക്, വില്ലേജ് അധികൃതർ വന്നു സ്ഥലം പരിശോധിക്കുകയും അളന്നു തിട്ടപ്പെടുത്തുകയും ചെയ്തെങ്കിലും മറ്റു നടപടികളൊന്നുംതന്നെയായിട്ടില്ല. ബോർഡ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുമ്പോൾ താലൂക്കിൽനിന്നുള്ള നടപടികൾക്ക് വേഗംകൂട്ടാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നാണു ബോർഡ് അധികൃതരുടെ വിശദീകരണം.
നിലവിൽ മൂലക്കോണത്തിനു സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് സ്ഥലസൗകര്യമില്ലാത്തതു കാരണം ഇപ്പോൾ മറ്റൊരു വാടകക്കെട്ടിടം അന്വേഷിക്കുകയാണ്. സൗകര്യപ്രദമായ കെട്ടിടം കിട്ടുന്നതോടെ ഓഫീസ് ഇനി മറ്റൊരിടത്തായിരിക്കും പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാറനല്ലൂരിലെ കെഎസ്ഇബി ഓഫീസ് മൂന്നിടത്താണ് പലപ്പോഴായി മാറിയത്.
ഓഫീസ് പലയിടങ്ങളിലായി മാറി പ്രവർത്തിക്കുന്നത് ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സൗകര്യക്കുറവായതു കാരണം അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേണ്ടിയുൾപ്പെടെയുള്ള സാധനസാമഗ്രികൾ പലതും പാതയോരത്താണ് നിക്ഷേപിച്ചിരിക്കുന്നത്. അലുമിനിയം കമ്പികളുൾപ്പെടെ മോഷണം പോകുന്നതും ഇപ്പോൾ പതിവായിട്ടുണ്ട്.