ആദിവാസി യുവാവിന്റെ മരണം : കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനാലെന്ന് ആരോപണം
1577701
Monday, July 21, 2025 7:07 AM IST
വിതുര: ആംബുലൻസ് തടഞ്ഞു വച്ചതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചതായി ആരോപണം. വിതുര മണലി കല്ലൻകുടി തടത്തരികത്ത് വീട്ടിൽ ബിനു (43)ആണ് മരിച്ചത്. കഴിഞ്ഞദിവസം വിഷം ഉള്ളിൽ ചെന്നതിനെതുടർന്ന് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ബിനുവിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആശുപത്രിയിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടയുകയായിരുന്നു.
ആംബുലൻസിന്റെ കാലപ്പഴക്കവും ഇൻഷ്വറൻസ് തീർന്നതും ആരോപിച്ചായിരുന്നു കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധം. ഏകദേശം 20 മിനിറ്റോളം ആംബുലൻസ് ആശുപത്രി വളപ്പിൽ തടഞ്ഞിട്ടിരുന്നു. തുടർന്ന് ബിനുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിതുര താലൂക്ക് ആശുപത്രിയിൽനിന്നും എത്രയുംവേഗം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞെന്നും കോൺഗ്രസ് പ്രവർത്തകർ അതു തടയുകയായിരുന്നുവെന്നും നേരത്തെ മെഡിക്കൽ കോളജിൽ എത്തിയെങ്കിൽ മരണം സംഭവിക്കില്ലെന്നും ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു. രോഗിയുടെ അവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ച ആശുപത്രി ജീവനക്കാരോടും പ്രതിഷേധക്കാർ അസഭ്യം പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. ഭാര്യ: സുമ. മക്കൾ ആര്യ, അഭിഷേക്.
മന്ത്രി വീട് സന്ദർശിച്ചു
മരണപ്പെട്ട ബിനുവിന്റെ വീട് മന്ത്രി ആർ. കേളു സന്ദർശിച്ചു. ആംബുലൻസ് തടഞ്ഞതിലൂടെ ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് തടഞ്ഞു ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നു സിപിഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ആവശ്യപ്പെട്ടു.
ഇയാളെ യഥാസമയം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിൽ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയുമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു.